News
ഹമാസ് തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടത്തുന്ന ശ്രമത്തിന് പാപ്പക്ക് നന്ദി; വീഡിയോയുമായി ഇസ്രായേലി സ്വദേശിനി
പ്രവാചകശബ്ദം 11-11-2023 - Saturday
ജെറുസലേം: പാലസ്തീനിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഹമാസ് ഇസ്രായേലില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് ബന്ദികളെ മോചിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്കു നന്ദിയര്‍പ്പിച്ച് ഇസ്രായേലി സ്വദേശിനി. ഹമാസ് ബന്ദിയാക്കിയ ഇരുപത്തിമൂന്നു വയസ്സുള്ള ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗിന്റെ അമ്മയായ റേച്ചല്‍ ഗോള്‍ഡ്‌ബെര്‍ഗ് പോളിനാണ് ഫ്രാന്‍സിസ് പാപ്പക്ക് നന്ദി അര്‍പ്പിച്ച് വീഡിയോ പുറത്തിറക്കിയത്. ''പരിശുദ്ധ പിതാവേ, ഗാസയില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട 240 പേരുടെ മോചനത്തിനായി തങ്ങളെ സഹായിക്കുവാന്‍ സമയം കണ്ടെത്തിയതിന് നന്ദി'' - പാപ്പയ്ക്കു നന്ദി അര്‍പ്പിച്ചുക്കൊണ്ടുള്ള വീഡിയോയില്‍ റേച്ചല്‍ പറഞ്ഞു.
യഹൂദര്‍, ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദു, ബുദ്ധിസ്റ്റ് തുടങ്ങി എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ബന്ദികളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അവരെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും റേച്ചല്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് പലസ്തീനി തീവ്രവാദി സംഘടന ഹമാസ്, ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തിയത്. ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ ഇസ്രായേലി പൗരന്‍മാരെ കൊല്ലുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയുമായിരിന്നു. ബന്ദികളില്‍ ചിലരെ രക്ഷിക്കുവാന്‍ ഇസ്രായേലി സേനക്ക് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 240 പേര്‍ ഹമാസിന്റെ തടവില്‍ കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ബന്ദികളെ മോചിതരാക്കണമെന്ന തന്റെ ആവശ്യം പല പ്രാവശ്യം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചിരിന്നു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും മാനുഷിക സാഹചര്യം വളരെ മോശമായ ഗാസയില്‍ സഹായമെത്തിക്കുവാനും, മുറിവേറ്റവരെ സഹായിക്കുവാനും, ഗാസയിലെ ജനങ്ങളിലേക്ക് സഹായം എത്തിക്കുവാനും സംഘര്‍ഷം ഒഴിവാക്കുവാനും എല്ലാ വഴികളിലൂടേയും ശ്രമിക്കണമെന്ന് ആഗ്രഹിക്കുകയാണെന്ന് ഇക്കഴിഞ്ഞയാഴ്ച പാപ്പ പറഞ്ഞു. ഹമാസ് - ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ച ശേഷം നിരവധി യഹൂദ നേതാക്കളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക യഹൂദ കോണ്‍ഗ്രസ് പ്രസിഡന്റ്, കോണ്‍ഫന്‍സ് ഓഫ് യൂറോപ്യന്‍ റബ്ബീസ് തുടങ്ങിയവരുമായും പാപ്പ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിന്നു.