News

വത്തിക്കാനുമായി അടുത്ത ബന്ധം പുലർത്തിയ, ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച എലിസബത്ത് രാജ്ഞിയുടെ സവിശേഷമായ ഭരണ കാലഘട്ടം

അഗസ്റ്റസ് സേവ്യർ 12-09-2015 - Saturday

ഫ്രഞ്ച് സംസാരിക്കുന്ന ഒരു ഇംഗ്ലീഷ് രാജ്ഞി; 12 അമേരിക്കൻ പ്രസിഡന്റുമാരുടെ ഭരണ കാലഘട്ടത്തിൽ ബ്രിട്ടിഷ് രാജ്ഞിയായിരുന്നവർ; രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് അർദ്ധസൈന്യ വിഭാഗത്തിന്റെ ട്രക്ക് ഓടിച്ചിട്ടുള്ളവർ; ആധുനീക യുവത്വത്തിന്റെ മുഖമുദ്രയായ 'ഫെയ്സ് ബുക്കി'ൽ പേജുള്ളവർ - ഇതെല്ലാമായ ക്യൂൻ എലിസബത്ത് II , വിശ്വാസത്തിലും അതീവ തീവ്രതയുള്ളവരായിരുന്നു.

63 വർഷത്തിലധികമായി ബ്രിട്ടീഷ് രാജ്ഞിയായി തുടരുന്ന അവരെ പറ്റി കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് ഒരു കത്തിൽ ഇങ്ങനെ പറയുന്നു: "നമ്മുടെ രാജ്യത്തിനും ലോകമെങ്ങുമുള്ള ജനതകൾക്കുമായി എലിസബത്ത് രാജ്ഞി ചെയ്തിട്ടുള്ള സേവനങ്ങളെ ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള കത്തോലിക്കാ സമൂഹം നന്ദിയോടെ സ്മരിക്കുന്നു."

ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിൽ തുടർന്നു കൊണ്ട് ഇപ്പോൾ 89 വയസ്സുള്ള എലിസബത്ത് രാജ്ഞി തന്റെ മുത്തശ്ശിയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോർഡ് മറികടക്കുകയാണ്. ഈ റെക്കോഡ് മറികടന്നതിന് ഔദ്യോഗികമായ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എലിസബത്ത് രാജ്ഞിയുടെ ബഹുമുഖ പ്രവർത്തനങ്ങളെ പറ്റി വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡർ നിജിൽ ബേക്കർ പറയുന്നു: അവരുടെ പ്രവർത്തന ശൈലിയുടെ അടിസ്ഥാനം വിശ്വാസമാണ്. ബ്രിട്ടനോടും ബ്രിട്ടീഷ് ജനതയോടും ഉള്ള ആത്മബന്ധത്തിന്റെ ഉറവിടം ക്രിസ്തീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം തന്നെയാണ്.

1952-ൽ ഇരുപത്തഞ്ചാം വയസ്സിൽ സിംഹാസനമേറിയ എലിസബത്ത് രാജ്ഞി മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടാണ് തന്റെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചത്.

ചർച്ച് ഓഫ് ഇംഗ്ലണ്ടും വത്തിക്കാനുമായുള്ള ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള ഉദ്ദേശത്തോടെ എലിസബത്ത് രാജ്ഞി അഞ്ചു തവണ വത്തിക്കാൻ സന്ദർശിക്കുകയുണ്ടായി. രാജ്ഞിയുടെ ആദ്യ സന്ദർശനം പയസ് 11-ാം മാർപാപ്പയുടെ കാലത്തായിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാ സഭയുമായുള്ള ബന്ധം പ്രശ്നങ്ങളിലൂടെ കടന്നു പോയികൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. അവസാനമായി 2014-ൽ ആണ് രാജ്ഞി റോമിൽ സന്ദർശനം നടത്തിയത്. അപ്പോൾ എലിസബത്ത് രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയും വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ചർച്ചകൾ നടത്തുകയും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുകയും ചെയ്തു.

2014-ൽ വത്തിക്കാൻ ക്രിക്കറ്റ് ടീമും ആംഗ്ലിക്കൻ ക്രിക്കറ്റ് ടീമും ചേർന്നുള്ള മത്സരക്കളി പരസ്പര സഹകരണത്തിന്റെ പുതിയൊരു മേഖല തുറന്നു.

എലിസബത്ത് രാജ്ഞിയുടെ അയർലണ്ട് സന്ദർശനത്തെ പറ്റി അംബാസിഡർ ബേക്കർ പറയുന്നു: 1911-ൽ ജോർജ് അഞ്ചാമൻ ചക്രവർത്തിക്കു ശേഷം അയർലണ്ട് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത് II.

‌ "പരസ്പരമുള്ള തെറ്റിദ്ധാരണകൾ മാറ്റിക്കളഞ്ഞ ഒരു സന്ദർശനമായിരുന്നു അത്." ബേക്കർ പറയുന്നു."ഇംഗ്ലണ്ടും അയർലണ്ടും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ രാജവംശത്തിന്റെ പാരമ്പര്യമുള്ള, വിവേകമുളള , അധികാരമുള്ള എലിസബത്ത് രാജ്ഞിയുടെ സന്ദർശനം കൊണ്ട് കഴിഞ്ഞു."

ദീർഘകാലമായി ബ്രിട്ടീഷ് രാജ്ഞിയായി തുടരുന്ന, പൊതു കാര്യങ്ങളിൽ അതിബുദ്ധിമതിയായ, എന്തിലും വിശ്വസ്തത പുലർത്തുന്ന, ഒരു രാജ്യത്തെ ജനങ്ങളെയാകെ ഒരുമിച്ചു കൊണ്ടു പോകാൻ കഴിവുള്ള എലിസബത്ത് രാജ്ഞി 'യൂറോപ്പിന്റെ മുത്തശ്ശി' യാണ് എന്ന് ബേക്കർ വിശേഷിപ്പിക്കുന്നു.

മാതൃത്വത്തിന്റെ, സത്യസന്ധതയുടെ, വിശ്വാസത്തിന്റെ എല്ലാം പ്രതീകം ആണ് എലിസബത്ത് രാജ്ഞി എന്ന് അദ്ദേഹം എടുത്തു പറയുന്നു.

"എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള ആഘോഷം ഒരു സമൂഹത്തിന്റെ, ഒരു സംസ്കാരത്തിന്റെ, നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ ആഘോഷമാണ്." അംബാസിഡർ നിജിൽ ബേക്കർ പറഞ്ഞു.


Related Articles »