News - 2025
അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റിന് ജപമാല അയച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 28-11-2023 - Tuesday
ബ്യൂണസ് അയേഴ്സ്: തന്റെ ജന്മനാടായ അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലിയ്ക്കു ജപമാല അയച്ച് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ പിതാവ് പ്രത്യേകം ആശീര്‍വദിച്ച ജപമാല, മിലിക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ വില്ലാർരുവലിനുമാണ് കൈമാറിയിരിക്കുന്നത്. ഇവര്‍ ജപമാല സ്വീകരിച്ചതായി അർജന്റീനയുടെ പ്രസിഡന്റിന്റെ ഓഫീസ് എക്‌സിൽ (ട്വിറ്റര്‍) സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നിയുക്ത പ്രസിഡന്റുമായി നടത്തിയ ഫോൺ കോളിനെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ സമ്മാനമെന്നത് ശ്രദ്ധേയമാണ്.
ഫോണ്‍ കോളില്‍ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ രാഷ്ട്രം ഭരിക്കാൻ "ധൈര്യവും വിവേകവും" ഉണ്ടാകാന്‍ ആശംസ അറിയിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് മിലി.പാപ്പയ്ക്കെതിരെ താൻ മുമ്പ് പരസ്യമായി ഉന്നയിച്ച അപമാനങ്ങൾക്കും വിമർശനങ്ങൾക്കും മിലി ക്ഷമാപണം നടത്തിയതിനാൽ ഇടപെടലുകള്‍ ബന്ധം ഊഷ്മളമാക്കുകയാണെന്നാണ് സൂചന. ഇത് പാപ്പ ജന്മനാട് സന്ദര്‍ശിക്കുവാന്‍ വീണ്ടും കാരണമാകുമെന്നാണ് സൂചന. അടുത്ത വര്‍ഷം സന്ദര്‍ശനം യാഥാര്‍ത്ഥ്യമായേക്കും. അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് നഗരത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ജനനം.
