News - 2024

ഫ്രാൻസിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി

പ്രവാചകശബ്ദം 01-12-2023 - Friday

വത്തിക്കാന്‍ സിറ്റി: ഭിന്നശേഷിക്കാരായ ആളുകൾക്ക് സമൂഹത്തിൽ പ്രാധാന്യം നൽകുന്നതിനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭിന്നശേഷിക്കാരെക്കുറിച്ചുള്ള മുൻവിധികളോടെയുള്ള കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. ഈ സഹോദരങ്ങൾക്കുനേരെ, അജ്ഞത മൂലവും മുൻവിധികൾ കാരണവും തിരസ്കരണത്തിന്റേതായ മനോഭാവം സ്വീകരിക്കുന്ന നിലപാടുകള്‍ ഉണ്ടെന്നും സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിൽ ഒന്നായ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.

പൊതുസ്ഥാപനങ്ങൾ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. അവർക്ക് വിദ്യാഭ്യാസത്തിനും, തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോലിസാധ്യതകൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ മുൻപോട്ടുവയ്‌ക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെയും കൊണ്ടുവരുന്നതിന് സഹായകരമായ പദ്ധതികളുടെ ആവശ്യമുണ്ട്.

എന്നാൽ ഏറ്റവുമുപരിയായി ഇത്തരത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ആളുകളെ അനുഗമിക്കുവാൻ തയ്യാറായുള്ള വലിയ ഹൃദയങ്ങളാണ് ആവശ്യമായുള്ളത്. ഭിന്നശേഷിക്കാരായ ഇത്തരം ആളുകളുടെ കഴിവുകളും, അവർ നൽകുന്ന ബഹുമുഖ സംഭാവനകളും കാണുവാനും അംഗീകരിക്കുവാനുമായി നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. ഇടവക സമൂഹങ്ങളിൽ, ഭിന്നശേഷിക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിനും, അവർക്ക് സമൂഹത്തിൽ സ്ഥാനം നൽകുന്നതിനായി തടസങ്ങൾ മാറ്റുക മാത്രമല്ല വേണ്ടത്.

മറിച്ച്, ഞങ്ങളും അവരും എന്നതിൽനിന്ന് നമ്മൾ എന്നതിലേക്ക് സമൂഹത്തിന്റെ ഭാഷ ഉൾപ്പെടെ മാറേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ ആളുകൾ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നതിനും സമൂഹത്തിൽ ഇത്തരം ആളുകളുടെ സജീവമായ പങ്കുചേരലിനെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പദ്ധതികൾ രൂപം കൊള്ളുന്നതിന് വേണ്ടി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ഡിസംബർ 3 ഞായറാഴ്ചയാണ്, ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത്.


Related Articles »