News

ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ സുവിശേഷകരുടെ ഗോപുരങ്ങള്‍ വെഞ്ചിരിച്ചു

പ്രവാചകശബ്ദം 02-12-2023 - Saturday

മാഡ്രിഡ്: സ്പെയിനിലെ ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ സുവിശേഷകരുടെ പേരില്‍ ഒരുക്കിയ ഗോപുരങ്ങള്‍ വെഞ്ചിരിച്ചു. സ്പെയിനിലേക്കുള്ള മാർപാപ്പയുടെ അപ്പസ്തോലിക പ്രതിനിധി, ആർച്ച് ബിഷപ്പ് ബെർണാർഡിറ്റോ ഔസയാണ് ബാഴ്‌സലോണയിലെ പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ ഗോപുരങ്ങള്‍ വെഞ്ചിരിച്ചത്. ബാഴ്‌സലോണയിലെ കർദ്ദിനാൾ ജുവാൻ ജോസ് ഒമേല്ല, ബാർസിലോനയിലെ വിരമിച്ച ആർച്ച് ബിഷപ്പ് കർദിനാൾ ലൂയിസ് മാർട്ടിനെസ് സിസ്റ്റാച്ച്, ബാഴ്‌സലോണയിലെ സഹായ മെത്രാൻ ഡേവിഡ് അബാദിയാസ് എന്നിവരോടൊപ്പം രാഷ്ട്രീയ പ്രതിനികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ഉണ്ടായിരുന്നു.

സുവിശേഷകരായ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ പേരിലാണ് ഗോപുരങ്ങള്‍. 2016-ലാണ് ഗോപുരങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1883-ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.

മൊത്തം 18 ഗോപുരങ്ങളാണ് ബസിലിക്കയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നത്. 170.30 മീറ്റർ ഉയരമുള്ള യേശുക്രിസ്തുവിന്റെ ഗോപുരമാണ് ഇതിൽ ഏറ്റവും ഉയരമുള്ളത്. 40 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. അൻറ്റോണിയോ ഗൗഡി എന്ന എഞ്ചിനീയറാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 1883ൽ തുടങ്ങിയ ദേവാലയ നിർമ്മാണം 1926ൽ ഗൗഡി മരിക്കുമ്പോൾ വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. ഗൗഡി മരിച്ചിട്ട് 100 വർഷം പൂർത്തിയാവുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍.


Related Articles »