News
മതനിന്ദ കുറ്റം വ്യാജമെന്ന് തെളിഞ്ഞു; ക്രൈസ്തവ വിശ്വാസിക്ക് ജാമ്യം അനുവദിച്ച് പാക്ക് കോടതി
പ്രവാചകശബ്ദം 04-12-2023 - Monday
ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി ജയിലിൽ അടച്ച ക്രൈസ്തവ വിശ്വാസിക്ക് പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സർഗോദ ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഹാരുൺ ഷഹസാദ് എന്ന് വിളിക്കപ്പെടുന്ന 45 വയസ്സുകാരനാണ് കോടതി ജാമ്യം നല്‍കിയത്. നവംബര്‍ പകുതിയോടെ അദ്ദേഹം മോചിതനായെങ്കിലും തീവ്ര ഇസ്ലാം മതസ്ഥരുടെ ഭീഷണിയില്‍ ഷഹസാദിന്റെ കുടുംബം വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 30നാണ് കേസിന് ആസ്പദമായ സംഭവം. ഹാരുൺ ഷഹസാദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ബൈബിൾ വചനം മുസ്ലീം മത വിശ്വാസികളെ പ്രകോപിപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്നു ഇവർ താമസിച്ചിരുന്ന പഞ്ചാബ് പ്രവിശ്യയിൽ നിന്നും നിരവധി ക്രൈസ്തവ കുടുംബങ്ങൾക്കാണ് പലായനം ചെയ്യേണ്ടി വന്നത്. തനിക്ക് വധശിക്ഷ ലഭിക്കണമെന്ന് ആരോപിച്ചുകൊണ്ട് തന്റെ ചിത്രങ്ങൾ കെട്ടിച്ചമച്ച മതനിന്ദാ ആരോപണങ്ങളുമായി ഇമ്രാൻ ലതാർ എന്നൊരാളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് ഹാരുൺ ഷഹസാദ് 'മോർണിങ്സ്റ്റാർ' എന്ന മാധ്യമത്തോട് പറഞ്ഞു. ജാമ്യം ലഭിച്ച വിവരം അറിഞ്ഞപ്പോൾ അയാൾ ഗ്രാമത്തിലുള്ള ആൾക്കാരെ തനിക്കെതിരെയും, തന്റെ കുടുംബത്തിനെതിരെയും ഇളക്കിവിട്ടു. തങ്ങൾ തിരിച്ച് ഗ്രാമത്തിലേക്ക് വരാതിരിക്കാൻ ഉള്ള ശ്രമമാണ് ഇമ്രാനും കൂട്ടരും നടത്തുന്നതെന്ന് ഹാരുൺ ആരോപിച്ചു.
രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിനിയായ ഹാരുണിന്റെ മൂത്തമകൾ കോളേജിൽ പോയിട്ട് നാല് മാസമായി. സുരക്ഷാ ഭീഷണിയെ തുടർന്ന് താമസിക്കുന്ന സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ തന്റെ മറ്റുള്ള കുട്ടികൾക്കും വിദ്യാഭ്യാസം നടത്താൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ മൂല്യമേറിയ സർക്കാർ ഭൂമി വാങ്ങി ഒരു ക്രൈസ്തവ ദേവാലയം നിർമ്മിക്കാൻ നൽകിയിരുന്നതായും, ഒരുപക്ഷേ ഇതായിരിക്കാം തീവ്ര ഇസ്ലാമിക പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബായിക്കുമായും, നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനമായ ലഷ്കർ ഇ ജാൻവിയുമായും ബന്ധം ആരോപിക്കപ്പെടുന്ന പരാതിക്കാരന് തന്നോട് വിരോധം തോന്നാൻ കാരണമെന്ന് ഹാരുൺ പറയുന്നു.
ഗ്രാമത്തിലെ മറ്റുള്ള ക്രൈസ്തവ കുടുംബങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നുവെന്ന് പെയിന്റ് കട നടത്തിവന്നിരുന്ന ഹാരുണ്‍ പറഞ്ഞു. എന്നാൽ കേസ് ഉണ്ടായതിനെ തുടർന്ന് കട പൂട്ടിയിടേണ്ട അവസ്ഥയായി. തന്റെ സാമ്പത്തികമായ നിലയിലുള്ള ഉയര്‍ച്ചയിലുള്ള അസ്വസ്ഥതയും ഇത്തരം ഒരു കേസ് നൽകാനുള്ള കാരണമാകാനുള്ള സാധ്യതയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പാക്കിസ്ഥാനില്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൈസ്തവരെ കുടുക്കാനാണ് മതനിന്ദ നിയമങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്നത്.