News - 2025

പാക്കിസ്ഥാനിലെ ജരന്‍വാല ക്രൈസ്തവ വിരുദ്ധ കലാപത്തിന് രണ്ടു വര്‍ഷം; നീതി ലഭിക്കാതെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 30-08-2025 - Saturday

ലാഹോര്‍; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തി അരങ്ങേറിയ ജരന്‍വാല ക്രൈസ്തവ വിരുദ്ധ കലാപത്തിന് രണ്ടു വര്‍ഷം. 2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ക്രൈസ്തവര്‍ക്ക് നീതി അകലെയാണ്. കഴിഞ്ഞ ഓഗസ്റ്റ് 16-ന്, തങ്ങള്‍ക്ക് ഭരണകൂടം നീതി ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവര്‍ ജരൻവാലയിൽ ഒത്തുകൂടിയിരിന്നു.

ജരൻവാല കലാപത്തിൽ അറസ്റ്റിലായ 5,213 പ്രതികളിൽ 380 പേരെ മാത്രമേ കസ്റ്റഡിയിലെടുത്തിട്ടുള്ളൂവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു വർഷത്തിനുശേഷം, 228 പേർക്ക് ജാമ്യം ലഭിച്ചു, 77 പേർ കുറ്റവിമുക്തരായി. അക്രമികളെ സംരക്ഷിക്കാനുള്ള അധികാരികളുടെ താത്പര്യമാണ് ഇതിനൊക്കെ പിന്നിലെന്ന് ആംനസ്റ്റിയുടെ ദക്ഷിണേഷ്യയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ബാബു റാം പൗഡൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിന്നു ജരന്‍വാല കലാപം. ജരന്‍വാല ആക്രമണത്തിനോട് അനുബന്ധിച്ച് കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കിയിരിന്നു. ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരിന്നു. കഴിഞ്ഞ ജൂൺ 4-ന്, ഫൈസലാബാദിലെ ഭീകരവിരുദ്ധ കോടതി ക്രൈസ്തവ ദേവാലയം കത്തിച്ചതിനും ക്രൈസ്തവരുടെ വീട് കൊള്ളയടിച്ചതിനും കുറ്റക്കാരായ 10 പേരെ കൂടി കുറ്റവിമുക്തരാക്കിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »