News
കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസാരമായി കാണാതിരിക്കുക: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 09-12-2023 - Saturday
വത്തിക്കാന്‍ സിറ്റി: കർത്താവിന്റെ ദാനങ്ങളുടെ മൂല്യം വിലമതിക്കണമെന്നും അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഡിസംബർ എട്ടാം തീയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യകാമറിയം എങ്ങനെ കാത്തു സൂക്ഷിച്ചുവെന്നും ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ദൈവമാതാവ് സൂക്ഷിച്ച രണ്ടു മനോഭാവങ്ങളെന്നും പാപ്പ പറഞ്ഞു.
ദൈവദൂതന്റെ വാക്കുകൾ മറിയത്തെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് ലൂക്കാ സുവിശേഷകൻ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ കൃപ നിറഞ്ഞവൾ എന്ന വാക്ക് അവളെ ആശ്ചര്യപ്പെടുത്തുകയും, സ്തബ്ധയാക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്തു. "കൃപ നിറഞ്ഞ" എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അവൾ ആശ്ചര്യപ്പെടുന്നു, അതായത് ദൈവസ്നേഹത്താൽ നിറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മനോഭാവമാണ്: കർത്താവിന്റെ ദാനങ്ങളുടെ മുന്നിൽ ആശ്ചര്യപ്പെടുക, അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക, അവ കൊണ്ടുവരുന്ന വിശ്വാസത്തിലും ആർദ്രതയിലും സന്തോഷിക്കുക.
ദൈനംദിന പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, ദൈവത്തിന്റെ ദാനങ്ങളെക്കുറിച്ചും ലഭിച്ച നന്മയെക്കുറിച്ചും വിനയപൂർവ്വം സംസാരിച്ചുകൊണ്ട് ഈ വിസ്മയം മറ്റുളളവരുടെ മുമ്പാകെ പ്രകടമാക്കേണ്ടതു പ്രധാനമാണ്. നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ദൈവത്തിന്റെ വചനങ്ങളിൽ ആശ്ചര്യപ്പെടേണ്ടതെങ്ങനെയെന്ന് എനിക്കറിയാമോ? ചില സമയങ്ങളിൽ ഞാൻ അത്ഭുതം കൊണ്ട് നിറയുകയും അത് ആരോടെങ്കിലും പങ്കിടുകയും ചെയ്യുന്നുണ്ടോ? മംഗളവാർത്തയ്ക്കു മുന്‍പ് സുവിശേഷത്തില്‍ മറിയത്തെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. അവളുടെ ഗ്രാമമായ നസ്രത്തിൽ ജീവിച്ചിരുന്ന ഏതൊരു പെൺകുട്ടിയെയും പോലെ ലളിതമായി ജീവിച്ച ഒരു പെൺകുട്ടിയായാണ് ബൈബിളിൽ മറ്റൊരിടത്തും പരാമർശിക്കപ്പെടാത്ത അവൾ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ദൈവത്തിന്റെ കൃപയാൽ അവൾക്കു നൽകപ്പെട്ട നിർമ്മല ഹൃദയത്തെ അവളുടെ ലാളിത്യത്താൽ കാത്ത് സൂക്ഷിച്ച ഒരു പെൺകുട്ടിയായിരുന്നു മറിയം.
നന്മയിലുള്ള അവളുടെ ദൈനംദിന വിശ്വസ്തതയിലൂടെയാണ് ദൈവത്തിന്റെ ദാനം അവളുടെ ഉള്ളിൽ വളരാൻ അവൾ അനുവദിച്ചത്. ഇങ്ങനെയാണ് കർത്താവിനോടു പ്രത്യുത്തരം നൽകാനും ജീവിതകാലം മുഴുവനും അവിടുത്തോടു "അതെ" എന്നു പറയാനും അവൾ സ്വയം പരിശീലിപ്പിച്ചത്. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: അനുദിന സാഹചര്യങ്ങളിലും എന്റെ ആത്മീയ യാത്രയിലും ദൈവത്തോടുള്ള വിശ്വസ്തത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ ഇത് വിശ്വസിക്കുന്നുവെങ്കിൽ, സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, അനുരജ്ഞന കൂദാശ സ്വീകരിക്കാനും ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? കർത്താവിന്റെ സാന്നിദ്ധ്യത്തെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ ചെറിയ തിരഞ്ഞെടുപ്പുകളാണിവയെന്നും പാപ്പ ഓർമ്മപ്പെടുത്തി.