News

400 വര്‍ഷങ്ങള്‍ക്ക് ശേഷം സാലുസ് പോപ്പുലിക്കു മുന്നില്‍ പാപ്പയുടെ സുവര്‍ണ്ണ റോസാപ്പൂ സമര്‍പ്പണം

പ്രവാചകശബ്ദം 10-12-2023 - Sunday

വത്തിക്കാന്‍ സിറ്റി: റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. ദേവാലയത്തിലെത്തിയ ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിച്ചു. റോമിലെ ഏറ്റവും പ്രസിദ്ധമായ ഈ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്.

1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പയാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്. തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പയും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. നാനൂറു വർഷങ്ങൾക്കു ശേഷമാണ് ഒരു പാപ്പ സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന വിശേഷാല്‍ ചടങ്ങ് സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ നടന്നതെന്നതു ശ്രദ്ധേയമാണ്. സുവര്‍ണ്ണ റോസ് സമര്‍പ്പിക്കുന്ന ചടങ്ങിന് പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്.

ആശ്രമങ്ങൾ, ആരാധനാലയങ്ങൾ, പരമാധികാരികൾ, പ്രമുഖ വ്യക്തികൾ എന്നിവർക്ക് വിശ്വാസത്തോടും പൊതുനന്മയോടുമുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലോക സമാധാനത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. നമ്മുടെ വിധി മരണമല്ല, ജീവിതമാണ്, വെറുപ്പല്ല, സാഹോദര്യമാണ്, സംഘട്ടനമല്ല, ഐക്യമാണ്, യുദ്ധമല്ല സമാധാനമാണെന്ന് പാപ്പ പറഞ്ഞു. ബസിലിക്കയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് റൊളണ്ടാസ് മക്രിക്കസ് പാപ്പയുടെ സാന്നിധ്യത്തിനും ചടങ്ങിനും സന്തോഷം പ്രകടിപ്പിച്ചു. സാലുസ് പോപ്പുലി റൊമാനി എന്ന പേരിൽ ഈ ദേവാലയത്തിൽ വണങ്ങപ്പെടുന്ന ദൈവമാതാവുമായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അഗാധമായ ബന്ധം പ്രകടമാക്കുന്നതാണ് ഗോൾഡൻ റോസെന്നു ആർച്ച് ബിഷപ്പ് റൊളണ്ടാസ് പറഞ്ഞു.

ദേവാലയത്തിന്റെ ഹൃസ്വചരിത്രം ‍

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »