India - 2026

കെയ്റോസ് ഗ്ലോബലിന് തുടർച്ചയായ നാലാം വർഷവും കാത്തലിക് മീഡിയ പുരസ്കാരം

പ്രവാചകശബ്ദം 04-07-2026 - Saturday

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്ത കത്തോലിക്ക മാധ്യമ സംഘടനയായ കാത്തലിക് മീഡിയ മീഡിയ അസോസിയേഷൻ (CMA) ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങളില്‍ ജീസസ് യൂത്തിന്റെ മാധ്യമ ശുശ്രൂഷയായ 'കെയ്റോസ് ഗ്ലോബൽ' വീണ്ടും ശ്രദ്ധേയമായ അംഗീകാരം നേടി. 'പ്രാർത്ഥനയും ആത്മീയതയും' വിഭാഗത്തിൽ 'മാഗസിൻ ഓഫ് ദ ഇയർ' പുരസ്കാരത്തിൽ തുടർച്ചയായ രണ്ടാം വർഷവും രണ്ടാം സ്ഥാനം സ്വന്തമാക്കി. കൂടാതെ, വിശുദ്ധരുടെ ജീവിതം ആകർഷകവും ഹൃദയസ്പർശിയുമായ രീതിയിൽ അവതരിപ്പിക്കുന്ന ജനപ്രിയ പംക്തിയ്ക്കു 'ചാൻ്റിലിയേഴ്‌സ്', മികച്ച സ്ഥിരം കോളം (Best Regular Column) വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

കാത്തലിക് മീഡിയ അസോസിയേഷനിൽ നിന്ന് കെയ്റോസ് ഗ്ലോബലിന് ലഭിക്കുന്ന തുടർച്ചയായ നാലാമത്തെ അംഗീകാരമാണിത്. 2018-ൽ പ്രസിദ്ധീകരണം ആരംഭിച്ച കെയ്റോസ് ഗ്ലോബൽ, 100-ാം പതിപ്പ് ഈ ജൂലൈയിൽ പ്രത്യേക സ്മാരക പതിപ്പായി പുറത്തിറക്കി. പ്രസിദ്ധീകരണയാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം. കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കെയ്റോസ് ഗ്ലോബൽ, പ്രചോദനാത്മകവും വിശ്വാസനിറഞ്ഞതുമായ ഉള്ളടക്കം, സമകാലിക ഡിസൈൻ, ഇന്നത്തെ യുവജനങ്ങളുടെയും യുവകുടുംബങ്ങളുടെയും ചോദ്യങ്ങൾക്കും വെല്ലുവിളികൾക്കും പ്രത്യാശകൾക്കും ഇടയിൽ യേശുവിനെ പരിചയപ്പെടുത്താനുള്ള പ്രതിബദ്ധത എന്നിവകൊണ്ട് ശ്രദ്ധേയമാണ്.

നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ആരംഭിച്ച, സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച അന്താരാഷ്ട്ര അൽമായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് ഇന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുണ്ട്. കെയ്റോസ് മീഡിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളിലായി നാല് മാസികകൾ പ്രസിദ്ധീകരിക്കുന്നു. കെയ്റോസ് ഗ്ലോബലിനൊപ്പം 'കെയ്റോസ് ബഡ്സ്' ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കുന്നതോടൊപ്പം കൊച്ചി, ഡൽഹി, മിഡിൽ ഈസ്റ്റ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നാണ് അച്ചടിക്കുന്നത്.

തുടർച്ചയായ അംഗീകാരങ്ങൾക്ക് ദൈവത്തിന് നന്ദി അർപ്പിച്ച കെയ്റോസ് ടീം, തങ്ങളുടെ വായനക്കാർക്കും എഴുത്തുകാർക്കും, പ്രാർത്ഥനയിലൂടെയും ഉദാരമായ പിന്തുണയിലൂടെയും ഈ ശുശ്രൂഷയെ കരുത്തുപകരുന്ന എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. ജീസസ് യൂത്തിൻ്റെ എക്‌ളേസ്റ്റിയാസ്റ്റിക്കൽ അഡ്വൈസർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കെയ്‌റോസിന് തുടർച്ചയായി ലഭിക്കുന്ന നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും കെയ്‌റോസ് പ്രവർത്തകരെ അനുമോദിക്കുകയും ചെയ്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »