News - 2024
ഫ്രാൻസിസ് മാർപാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 54 വർഷം
പ്രവാചകശബ്ദം 14-12-2023 - Thursday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 54 വർഷം തികഞ്ഞു. 1969 ഡിസംബർ 13ന്, തന്റെ 33-ാം ജന്മദിനത്തിന് നാല് ദിവസം മുന്‍പാണ് ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ (ഇന്ന് ഫ്രാൻസിസ് മാർപാപ്പ) അർജന്റീനയിലെ കൊർഡോബയിലെ ആർച്ച് ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റെല്ലാനോയില്‍ നിന്നു കൈവെയ്പ്പ് വഴി തിരുപ്പട്ടം സ്വീകരിച്ചത്. 1958 മാര്‍ച്ച് 11-ാം തീയതിയാണ് രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്.
ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു.1969 ഡിസംബര്‍ 13-ാം തീയതി ബ്യൂണസ് അയേഴ്സില്‍ ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നും തിരുപട്ടം സ്വീകരിച്ചു പൌരോഹിത്യത്തിലേക്ക് പ്രവേശിച്ചു.
വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. തിരുപ്പട്ടം സ്വീകരിച്ച് കേവലം 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃത്യമായി പറഞ്ഞാല്‍ 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രോവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടിരിന്നു.