News
വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ ദൈവവിളി വസന്തം; പ്രഥമ വ്രതവാഗ്ദാനം നടത്തിയത് 52 യുവതികള്‍
പ്രവാചകശബ്ദം 16-12-2023 - Saturday
ഷില്ലോംഗ്: വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ രൂപംകൊണ്ട ആദ്യ കത്തോലിക്കാ സന്യാസിനി സമൂഹമായ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി അംഗങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ടോളം യുവതികള്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8ന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് ഇന്‍ ഷില്ലോംഗ് കത്തീഡ്രലില്‍വെച്ചായിരുന്നു ചടങ്ങുകള്‍. ഭോപ്പാലിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന ലിയോ കൊര്‍ണേലിയോ അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയില്‍ മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ഫിലോമിന മാത്യൂസ് കര്‍ത്താവിന്റെ പുതുമണവാട്ടിമാരുടെ പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു.
സന്യാസ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷകരമായ നിമിഷമാണെന്നും ഈ യുവതികള്‍ സഭക്കും, സമൂഹത്തിനും മുതല്‍ക്കൂട്ടാണെന്നും, ഊര്‍ജ്ജസ്വലരായ പുതിയ അംഗങ്ങളുടെ വരവ് തിരുസഭക്ക് കൂടുതല്‍ ശക്തിപകരുമെന്നും സിസ്റ്റര്‍ ഫിലോമിന പറഞ്ഞു. ഇവരുടെ ദൈവവിളി അനുസരിച്ചുകൊണ്ട് അവരെ ദൈവസേവനത്തിന് അയക്കുവാന്‍ തയാറായ മാതാപിതാക്കള്‍ക്ക് നന്ദി പറയുവാനും സിസ്റ്റര്‍ ഫിലോമിന മറന്നില്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ഉദ്ധരിച്ചുക്കൊണ്ട് സുവിശേഷത്തിന്റെ സംരക്ഷര്‍ എന്ന നിലയില്‍ സ്ത്രീകള്‍ സഭാദൗത്യത്തില്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തേക്കുറിച്ചു മെത്രാപ്പോലീത്ത തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമിലെ ഹാടിഗാവോണിലെ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ വെച്ച് ഇതേ സമൂഹാംഗങ്ങളായ 36 കന്യാസ്ത്രീകള്‍ നിത്യവ്രതവാഗ്ദാനം നടത്തിയിരിന്നു. ഗുവാഹത്തി മെത്രാപ്പോലീത്ത ജോണ്‍ മൂലച്ചിറ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 1942 ഒക്ടോബര്‍ 24-ന് ഗുവാഹട്ടിയില്‍വെച്ച് ബിഷപ്പ് സ്റ്റീഫന്‍ ഫെര്‍ണാണ്ടോയാണ് മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹം സ്ഥാപിച്ചത്. “പോകൂ സുവിശേഷം പ്രഘോഷിക്കൂ” എന്നതാണ് സഭയുടെ മുദ്രാവാക്യം. സന്യാസ സമൂഹത്തിന്റെ നോവീഷ്യേറ്റിന്റെ ആദ്യവര്‍ഷത്തില്‍ 66 പേര്‍ ഉണ്ടായിരുന്നിടത്ത് രണ്ടാംവര്‍ഷത്തില്‍ അത് 72 ആയി ഉയര്‍ന്നു. 6 യുവതികളുമായി തുടങ്ങിയ സമൂഹത്തിനു ഇന്ന് ഇന്ത്യ, മ്യാന്മാര്‍, നേപ്പാള്‍, ഹവായി, ലെസോത്തോ എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരത്തിമുന്നൂറോളം അംഗങ്ങളുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക