News

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

പ്രവാചകശബ്ദം 09-06-2023 - Friday

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്.

6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു.

സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട്‌ നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.


Related Articles »