News - 2024
ലോക സമാധാനത്തിനായി 32 കിലോമീറ്റർ കാല്‍നട ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താന്‍ അമേരിക്കന്‍ മെത്രാന്‍
പ്രവാചകശബ്ദം 20-12-2023 - Wednesday
കന്‍സാസ്: പുതുവര്‍ഷത്തില്‍ 32 കിലോമീറ്റർ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താന്‍ അമേരിക്കന്‍ മെത്രാന്‍ തയാറെടുക്കുന്നു. അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ സലീന രൂപതയിലെ ബിഷപ്പ് ജെറാൾഡ് വിൻകെയാണ് ലോക സമാധാനത്തിനായി കാല്‍ നട ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. ജനുവരി 6ന് ഗ്ലാസ്‌കോ നഗരത്തിലെ സെന്റ് മേരി ദേവാലയത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ ബെലോയിറ്റ് നഗരത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലേക്കാണ് ദിവ്യകാരുണ്യ പ്രദിക്ഷണം. ലോകത്തിന്റെ സമാധാനത്തിനും അമേരിക്കയിലെ എല്ലാ സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള അവസരമായിരിക്കും ദിവ്യകാരുണ്യവുമായുള്ള കാല്‍നട പ്രദിക്ഷണം.
#iGiveCatholic ക്യാംപെയിനിലേക്ക് സംഭാവന നൽകാൻ ഇടവകക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ സംരംഭത്തിന്റെ ഭാഗമായാണ് ദിവ്യകാരുണ്യ തീർത്ഥാടനം എന്ന ആശയം ഉരുത്തിരിഞ്ഞത്. ക്യാംപെയിന്‍ മികച്ച വിജയമായിരുന്നുവെന്നും 3,20,000 യുഎസ് ഡോളറിലധികം സമാഹരിച്ചതായും ഇടവക പറയുന്നു. യേശുവിന്റെ യഥാർത്ഥ സാന്നിധ്യമായ ദിവ്യകാരുണ്യവുമായി വിശ്വാസികളെ കൂടുതൽ ആഴപ്പെടുത്തുവാനുള്ള യുഎസ് മെത്രാന്‍ സമിതിയുടെ ആഹ്വാനവും പരിപാടിക്ക് പ്രചോദനമായിട്ടുണ്ട്.
അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിന്നു. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ സമിതി നടത്തി വരുന്ന പരിപാടി മൂന്ന്‍ വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്.