News

“ഞങ്ങള്‍ക്കിനി ഞങ്ങളുടെ പള്ളിയല്ലാതെ മറ്റൊന്നുമില്ല”: ദുഃഖം ഏറ്റുപറഞ്ഞ് ഗാസയിലെ ക്രൈസ്തവ യുവാവ്

പ്രവാചകശബ്ദം 21-12-2023 - Thursday

ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന്‍ ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയിരിക്കുന്ന ക്രൈസ്തവ യുവാവ് യുദ്ധകാലത്തെ തങ്ങളുടെ ജീവിതത്തേക്കുറിച്ച് കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ‘ഒ.എസ്.വി ന്യൂസ്’ന് എഴുതിയ കത്ത് ഗാസയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാവുന്നു. അത്മായ നേതാവ് ജോര്‍ജ്ജ് അന്റോണ്‍, ഹോളിഫാമിലി ഇടവക വികാരിയും അര്‍ജന്റീനക്കാരനുമായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി എന്നിവര്‍ വഴിയാണ് യുദ്ധത്തിനിടയിലെ തങ്ങളുടെ ജീവിതത്തേക്കുറിച്ച് വിവരിക്കുന്ന കത്തിനായി ഒ.എസ്.വി ന്യൂസ് ക്രിസ്ത്യന്‍ യുവജനങ്ങളെ സമീപിച്ചത്. “യുദ്ധകാലത്തെ ഞങ്ങളുടെ ദുരന്തം ദൈനംദിന ജീവിതം” എന്ന തലക്കെട്ടോടെയുള്ള കത്ത് സുഹൈല്‍ അബു ദാവൂദ് എന്ന പതിനെട്ടുകാരനാണ് എഴുതിയത്.

യുദ്ധം തുടങ്ങിയതിന് ശേഷം തന്റെ ജീവിതം ദുഃഖവും, നിരാശയും, ഭയവും നിറഞ്ഞതാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. “സാഹചര്യങ്ങൾ അപകടകരമായിരിക്കുകയാണ്. ഞാൻ എന്റെ വീട് വിട്ട് പള്ളിയിലേക്ക് മാറി. ഞങ്ങളുടെ ദിനചര്യ വ്യത്യസ്തവും പ്രയാസകരവുമായിത്തീർന്നു. പ്രത്യേകിച്ച് രാത്രിയിൽ, നമുക്ക് ചുറ്റും നിർത്താതെയുള്ള ക്രോസ് ഫയറിന്റെ വലിയ ശബ്ദങ്ങളും ബോംബുകളുടെ വലിയ ശബ്ദങ്ങളും കുതിച്ചുയരലും കേൾക്കുന്നു''.

''ദേവാലയത്തിന് കാവല്‍നില്‍ക്കുന്ന രാത്രി 9 മുതല്‍ രാവിലെ 5 വരെയുള്ള സമയം പേടിപ്പെടുത്തുന്നതും ഭയാനകവുമാണ്. ഞങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, ഇന്ധനവും, വെളിച്ചവും ആവശ്യമുണ്ട്. മെഡിക്കല്‍ സൗകര്യമില്ലാത്തതിനാല്‍ പ്രായമായ ആളുകള്‍ ദുരിതത്തിലാണ്. ഞങ്ങളുടെ വീടുകളും, വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ഞങ്ങളുടെ ദേവാലയമല്ലാതെ ഇനി ഞങ്ങള്‍ക്ക് മറ്റൊന്നും ബാക്കിയില്ല. ദേവാലയമാണ് ഇപ്പോള്‍ ഞങ്ങളുടെ യഥാര്‍ത്ഥ ഭവനം, ക്ഷമയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭവനം” - കത്തില്‍ പറയുന്നു.

ഹോളി ഫാമിലി ദേവാലയ പരിസരത്ത് ഡിസംബര്‍ 16-ലെ വെടിവെപ്പിനും, ടാങ്ക് ആക്രമണത്തിനും മുന്‍പാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സെന്റ്‌ പോര്‍ഫിരിയൂസ് ദേവാലയത്തിന് സമീപമുള്ള ഒരു കെട്ടിടം ലക്ഷ്യമാക്കി ഇസ്രായേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ സെന്റ്‌ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ അഭയം തേടിയിരുന്ന പതിനെട്ടോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഹോളിഫാമിലി ദേവാലയത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നുവരുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 16-ന് നടന്ന വെടിവെപ്പില്‍ ഇടവകാംഗങ്ങളായ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ദേവാലയവികാരിയായ ഫാ. റൊമാനെല്ലി ജെറുസലേമില്‍ കുടുങ്ങിപ്പോയതിനാല്‍ അസിസ്റ്റന്റ് വികാരിയായ യൂസഫ്‌ അസദാണ് ഹോളിഫാമിലി ദേവാലയത്തിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. അദ്ദേഹത്തിന് പുറമേ റോസറി സമൂഹാംഗങ്ങളായ രണ്ടു കന്യാസ്ത്രീകളും, പെറു സ്വദേശിനികളും, ഫാമിലി ഓഫ് ദി ഇന്‍കാര്‍നേറ്റ് വേര്‍ഡ് സഭാംഗങ്ങളുമായ മരിയ ഡെല്‍ പിലര്‍, മരിയ ഡെല്‍ പെര്‍പ്പെച്ചുവോ എന്നീ ഇരട്ട കന്യാസ്ത്രീകളും ക്രൈസ്തവരുടെ സഹായത്തിനായി ഗാസയില്‍ തുടരുകയാണ്.


Related Articles »