Question And Answer - 2024

ദൈവമാതാവായ മറിയത്തോട് മാദ്ധ്യസ്ഥം തേടുന്നത് ശരിയാണോ? പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ക്കുള്ള മറുപടി

സ്വന്തം ലേഖകന്‍ 16-08-2016 - Tuesday

ഇന്നലെ ദൈവമാതാവായ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഗോളസഭ ആഘോഷിച്ചപ്പോള്‍ നിരവധി പ്രൊട്ടസ്റ്റന്‍റ് സഹോദരര്‍ സോഷ്യല്‍ മീഡിയായിലൂടെ ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ലേഖന പരമ്പര. മറിയത്തോട് മാധ്യസ്ഥം യാചിക്കുന്നത്‌ ശരിയാണോ? ക്രിസ്തു മാത്രമല്ലേ ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയിലുള്ള ഏക മധ്യസ്ഥന്‍?

പ്രിയപ്പെട്ട പ്രൊട്ടസ്റ്റന്‍റ് സഹോദരരെ, നിങ്ങളുടെ ജീവിതത്തില്‍ ഒരു ആവശ്യം വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പാസ്റ്ററോട്: "എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ" എന്നു പറയാറില്ലേ?" പാപിയായ ഒരു പാസ്റ്ററോട് ഈ പ്രാര്‍ത്ഥനാ സഹായം തേടാം; എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ച്, പാലൂട്ടി വളര്‍ത്തി, കുരിശിന്‍റെ വഴിയില്‍ അവനെ അനുഗമിച്ച്, കുരിശില്‍ കിടന്നു കൊണ്ട് അവന്‍ തന്നെ "ഇതാ നിന്‍റെ അമ്മ" എന്നു പറഞ്ഞുകൊണ്ട് നമുക്ക് തന്ന അവന്‍റെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തോട് പ്രാര്‍ത്ഥനാ സഹായം തേടരുത് എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.

മറിയം യേശുവിന്‍റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കു വേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കെ അവള്‍ മറ്റുള്ളവര്‍ക്കു വേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍ വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നും അവള്‍ രക്ഷിച്ചു. പെന്തക്കോസ്താ ദിവസം അവള്‍ ശിഷ്യന്മാരുടെ ഇടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ ആവശ്യ നേരങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ച.

മറിയം ദൈവത്തിന്‍റെ കേവലം നിഷ്ക്രിയമായ ഒരു ഉപകരണം മാത്രമായിരുന്നില്ല. ദൈവത്തിന്‍റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടു കൂടിയാണ് സംഭവിച്ചത്. ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: "നിന്‍റെ വചനം എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ:1:38). "അങ്ങനെ മനുഷ്യവംശത്തിന്" യേശു വഴിയുണ്ടായ വീണ്ടെടുപ്പ് ദൈവത്തില്‍ നിന്നുള്ള ഒരഭ്യര്‍ത്ഥനയും മനുഷ്യജീവിയില്‍ നിന്നുള്ള ഒരു സ്വതന്ത്ര സമ്മതവും കൊണ്ടു തുടങ്ങുന്നു. അങ്ങനെ മറിയം നമുക്ക് "രക്ഷയിലേക്കുള്ള കവാടം" ആയിത്തീര്‍ന്നു (YOUCAT 84).

"മറിയം ലോകത്തിനു പ്രദാനം ചെയ്ത പുത്രന്‍, അനേകം സഹോദരന്മാരില്‍ പ്രഥമ ജാതനായി ദൈവം നിയോഗിച്ചവന്‍ തന്നെയാണ്. മാതൃസഹജമായ സ്നേഹത്തോടെ അവരുടെ, (അതായത് നമ്മുടെ ഒരോരുത്തരുടെയും) ജനനത്തിലും രൂപീകരണത്തിലും അവള്‍ സഹകരിക്കുന്നു." (CCC 501) കാരണം വെളിപാട് പുസ്തകത്തില്‍ നാം ഇപ്രകാരം കാണുന്നു, "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു" (വെളിപാട് 12:17).

കത്തോലിക്കാ സഭ മറിയത്തെ ആരാധിക്കുകയല്ല ചെയ്യുന്നത്. അവളുടെ മാധ്യസ്ഥം തേടുകയാണ് ചെയ്യുന്നത്. ജപമാലയെന്നത് മറിയത്തെ ആരാധിക്കുന്ന പ്രാര്‍ത്ഥനയല്ല അത് ക്രിസ്തുവിന്‍റെ ജീവിതത്തെ, പരിശുദ്ധ അമ്മയുടെ മടിയിലിരുന്ന് ധ്യാനിക്കുന്ന പ്രാര്‍ത്ഥനാ രീതിയാണ്. കാരണം ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതി കുരിശുമരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. "നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കു ചേരുവാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മ പദ്ധതി വിശുദ്ധീകരിക്കുവാനും യേശു ആഗ്രഹിച്ചതു കൊണ്ടാണ് അവിടുന്ന് ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചത്" (YOUCAT 86).

അതിനാല്‍ ക്രിസ്തുവിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ജപമാലയിലൂടെ ധ്യാനിക്കുമ്പോള്‍ ക്രിസ്തു അത്ഭുതകരമാംവിധം നമ്മുടെ അനുദിന ജീവിതത്തിലെ വേദനകളിലും രോഗങ്ങളിലും പരാജയങ്ങളിലും പങ്കു ചേരുന്നു. അങ്ങനെ നമ്മുടെ ജീവിതത്തില്‍ ആനന്ദവും സൗഖ്യവും വിജയവും കണ്ടെത്താന്‍ ജപമാല പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു.

ജപമാലയുടെയും കൂദാശകളുടെയും പേരില്‍ കത്തോലിക്കാ സഭയെ എതിര്‍ത്തിരുന്ന നിരവധി പ്രമുഖര്‍ അവരുടെ തെറ്റു തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നത് പ്രിയ പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങളെ, നിങ്ങള്‍ക്കു മാതൃകയാക്കാവുന്നതാണ്.

ഒരു കാലത്ത് മഹാപാണ്ഡിത്യത്തിന്‍റെ പര്യായമെന്ന് വിശേഷിക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ഹെന്‍‍റി ന്യൂമാന്‍ കത്തോലിക്കാ സഭയ്ക്കെതിരായി നിരന്തരം തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് കത്തോലിക്കാ സഭയില്‍ ചേര്‍ന്നുകൊണ്ട് ലോകത്തോടു വിളിച്ചു പറഞ്ഞു: "അമ്മയില്ലാത്ത സഭയില്‍ നിന്നും ഞാന്‍ അമ്മയുള്ള സഭയിലെത്തിയിരിക്കുന്നു".

നിരീശ്വര തത്വജ്ഞാനിയായിരുന്ന ലുഡ് വിഗ് ഫോയര്‍ ബാങ്ക് പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കൊണ്ട് പ്രഘോഷിച്ചു. "ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോള്‍ ദൈവപുത്രനിലും ദൈവപിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു."

അതുകൊണ്ട് സാത്താന്‍ ഒരുക്കുന്ന ഒരു വലിയ കെണിയാണ്‌ പരിശുദ്ധ അമ്മയെ തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുക എന്നത്. അതിലൂടെ സത്യദൈവത്തില്‍ നിന്നും വിശ്വാസികളെ അകറ്റാം എന്ന്‍ അവന്‍ കരുതുന്നു. സാത്താന്‍റെ ഈ കെണിയില്‍ വീണുപോകാതെ പ്രിയ സഹോദരങ്ങളെ നിങ്ങളും ജപമാല കൈയ്യിലെടുക്കുക. ലോകം മുഴുവനിലുള്ള കത്തോലിക്കാ വിശ്വാസികളോട് ചേര്‍ന്ന്‍ പ്രാര്‍ത്ഥിക്കുക:- "നന്മ നിറഞ്ഞ മറിയമേ, നിനക്കു സ്വസ്ഥി......."

അടുത്ത ചോദ്യം:

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെയും, അമലോത്ഭവത്തെയും കുറിച്ച് ബൈബിളില്‍ എന്തെങ്കിലും പറയുന്നുണ്ടോ?

പിന്നെ എങ്ങനെയാണ് വിശ്വസിക്കുക?

തുടരും..........................