News

നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം: സോകോട്ടോ ബിഷപ്പ്

പ്രവാചകശബ്ദം 03-01-2024 - Wednesday

അബൂജ: നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സോകോട്ടോ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു ഹസ്സൻ - കുക്ക. പ്ളേറ്റോ സംസ്ഥാനത്ത് ഡിസംബർ 23നും 26നും ഇടയ്ക്ക് നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് ആക്രമണങ്ങളിൽ ഏകദേശം ഇരുപത് ഗ്രാമങ്ങളിലെ ഇരുനൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും അഞ്ഞൂറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ക്യാമ്പുകളിൽ അഭയം പ്രാപിക്കാൻ ഇരുനൂറോളം കുടുംബങ്ങൾ നിർബന്ധിതരായി.

നൈജീരിയയുടെ വടക്കു ഭാഗത്തു പ്രധാനമായും മുസ്ലിങ്ങളും തെക്കു ഭാഗത്തു ക്രിസ്ത്യാനികളും തമ്മിൽ പരമ്പരാഗതമായി അതിർത്തി പങ്കിടുന്ന മിഡിൽ ബെൽറ്റ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത്, കഴിഞ്ഞ കാലങ്ങളിൽ ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും നടന്നിട്ടുണ്ട്. നൈജീരിയൻ ഫെഡറേഷനെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അടുത്തിടെ നടന്ന കൂട്ടക്കൊലകളെന്ന് സോകോട്ടോ ബിഷപ്പ് പറഞ്ഞു. ഈ കൊലപാതകങ്ങൾ ഒരു ആമുഖം മാത്രമാണെന്നും ഇത് വയലുകൾക്കുവേണ്ടി കർഷകരും ഇടയന്മാരും തമ്മിലുള്ള വഴക്കുകളല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

ഒരു തിന്മയും എന്നേക്കും നിലനിൽക്കുകയില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ ഈ ഭീഷണിയെ തങ്ങൾ നന്നായി നേരിടും. അടിമത്തം, വർണ്ണ വിവേചനം, നാസിസം, വംശീയത, തീവ്രവാദത്തിൻ്റെ രൂപങ്ങൾ എന്നിവയെ ലോകം പരാജയപെടുത്തിയതാണെന്നു പറഞ്ഞ ബിഷപ്പ് കുക്ക, തങ്ങൾ യുദ്ധത്തിലല്ലെന്നു തോന്നുമെങ്കിലും നൈജീരിയൻ സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കുമെതിരെ യഥാർത്ഥത്തിൽ ഒരു യുദ്ധം നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തെ നേരിടുന്നതിന് പൂർണ്ണമായും ആയുധങ്ങളെ അടിസ്ഥാനമാക്കിയുള്ള സൈനിക സമീപനത്തിനുമപ്പുറം പോകേണ്ടത് അനിവാര്യമാണ്. ആരാണീ കൊലയാളികൾ? അവർ എവിടെ നിന്ന് വരുന്നു? അവരെ മുൻനിർത്തി ആരാണ് പ്രവർത്തിക്കുന്നത്? അവരുടെ ഗൂഡാലോചന എന്താണ് ? അവർക്കു എന്താണ് വേണ്ടത്? ആരെയാണ് വേണ്ടത്? അവർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് ? ഇതെല്ലാം എപ്പോൾ അവസാനിക്കും? ഇതിനെല്ലാം സംസ്ഥാന സുരക്ഷയുടെ ഉത്തരവാദിത്വപ്പെട്ടവർ മറുപടി നൽകേണ്ടതുണ്ടെന്നും ബിഷപ്പ് മാത്യു ഹസ്സൻ - കുക്ക പറഞ്ഞു.