News - 2024
ജപ്പാൻ ഭൂചലനം: ഇരകൾക്ക് സഹായവുമായി കത്തോലിക്ക സഭ
പ്രവാചകശബ്ദം 04-01-2024 - Thursday
ടോക്കിയോ: പുതുവർഷദിനത്തിൽ ജപ്പാനിലുണ്ടായ തീവ്രമായ ഭൂചലനത്തെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി കത്തോലിക്ക സഭ. ഇരകളായവർക്ക് തങ്ങൾ നൽകിവരുന്ന സഹായങ്ങൾ തുടരുമെന്ന് ടോക്കിയോ ആർച്ച് ബിഷപ്പ് കികൂച്ചി പറഞ്ഞു. ജപ്പാനിലെ ഇഷികാവ പ്രീഫെക്ചറിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ട അതിശക്തമായ ഭൂചലനത്തെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക്, കത്തോലിക്ക സഭ കഴിയുന്ന വിധത്തിലെല്ലാം തങ്ങൾ സമീപസ്ഥരായിരിക്കുമെന്നും, തങ്ങളുടെ പിന്തുണയും സഹായസഹകരണങ്ങളും തുടരുമെന്നും ടോക്കിയോ ആർച്ച് ബിഷപ്പ് ഇസാവോ കികൂച്ചി പറഞ്ഞു.
ജപ്പാനിലെ കത്തോലിക്കാസഭ, ദേശീയ കാരിത്താസ് സംഘടനയോട് ചേർന്ന്, അടിയന്തിര ദുരന്തനിവാരണ സംഘം രൂപീകരിച്ചതായും, അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായും ആർച്ച് ബിഷപ്പ് കികൂച്ചി തന്റെ ഇന്റർനെറ്റ് വ്ലോഗിൽ കുറിച്ചു. നാഗോയ രൂപതയുടെ കീഴിലുള്ള ഹൊകുറികു പ്രദേശവും നോട്ടോ ഉപദ്വീപിലെ വാജിമ പ്രദേശവും ഭൂചലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
രൂപതാധ്യക്ഷനുമായി, പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ തേടുകയാണെന്നും, സഭയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്ന സേവനങ്ങൾ ചർച്ച ചെയ്യുമെന്നും ടോക്കിയോ അതിരൂപതാദ്ധ്യക്ഷൻ വ്യക്തമാക്കി. 2023 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, ആർച്ച് ബിഷപ്പ് കികൂച്ചി, അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം ജപ്പാൻ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 62 ആയി.