News
വെഞ്ചിരിപ്പിന് വളര്‍ത്തു മൃഗങ്ങളാല്‍ നിറഞ്ഞ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍
പ്രവാചകശബ്ദം 18-01-2024 - Thursday
വത്തിക്കാന്‍ സിറ്റി: സന്യാസിയായിരിന്ന വിശുദ്ധ ആന്റണിയുടെ തിരുനാള്‍ ദിനത്തില്‍ വിവിധ വളര്‍ത്തു മൃഗങ്ങളാല്‍ നിറഞ്ഞ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍. ഇന്നലെ ബുധനാഴ്ച തിരുനാള്‍ ദിനത്തില്‍ കുതിര, പശു, കഴുത, നായ, ആട്, കോഴി, മുയൽ എന്നിവ വെഞ്ചിരിക്കാനായി വളർത്തുമൃഗ ഉടമകള്‍ പത്രോസിന്റെ ചത്വരത്തിലേക്ക് എത്തിക്കുകയായിരിന്നു. അമേരിക്കൻ കത്തോലിക്ക വിശ്വാസികള്‍ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തില്‍ മൃഗങ്ങളുടെ വെഞ്ചിരിപ്പുമായി ബന്ധപ്പെടുത്തുമ്പോൾ, ഇറ്റാലിയന്‍ കർഷകർ പരമ്പരാഗതമായി വളർത്തു മൃഗങ്ങളുടെ രക്ഷാധികാരിയായ വിശുദ്ധ ആന്റണിയുടെ തിരുനാളാണ് ആഘോഷിക്കുന്നത്.
തണുപ്പും മഴയും വകവയ്ക്കാതെ, തിരുനാള്‍ ആഘോഷിക്കാൻ നിരവധി പേര്‍ വളര്‍ത്തുമൃഗങ്ങളുമായി എത്തുകയായിരിന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച് പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റി ആശീർവാദം നൽകിയ ശേഷം വളര്‍ത്തുമൃഗങ്ങളുടെ ഇടയില്‍ ഏതാനും സമയം ചെലവഴിച്ചു.
ഇറ്റാലിയൻ ബ്രീഡേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ നടന്ന വിശുദ്ധ കുർബാനയില്‍ കർദ്ദിനാൾ മുഖ്യകാര്‍മ്മികനായി. സന്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന നാലാം നൂറ്റാണ്ടിലെ സന്യാസിയായിരുന്നു വിശുദ്ധ ആന്റണി. ഈജിപ്ഷ്യൻ മരുഭൂമിയിലെ അദ്ദേഹത്തിന്റെ ധന്യ ജീവിതം, വിശുദ്ധ അത്തനേഷ്യസ് "സെന്റ് ആന്റണിയുടെ ജീവിതം" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.