News - 2024
നോട്ടിങ്ഹാം ആശുപത്രി ചാപ്പലിലെ കുരിശ് നീക്കി, പൊതു മതാരാധന കേന്ദ്രമാക്കി; നടപടി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍
പ്രവാചകശബ്ദം 28-01-2024 - Sunday
നോട്ടിങ്ഹാം: ബ്രിട്ടനിലെ നോട്ടിങ്ഹാം സർവകലാശാല ആശുപത്രിയിലെ ചാപ്പല്‍ പൊതു മത ആരാധന കേന്ദ്രമാക്കി മാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികളാണ് രംഗത്തു വന്നിരിക്കുന്നത്. ചാപ്പലില്‍ നിന്ന്‍ ക്രൂശിത രൂപം ഉള്‍പ്പെടെ നീക്കം ചെയ്താണ് പൊതു മത ആരാധന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ ഇസ്ലാം മതസ്ഥര്‍ക്കായി നിസ്ക്കരിക്കാനും പ്രാര്‍ത്ഥിക്കാനും മറ്റൊരു മുറി ഇപ്പോഴും നല്‍കിയിട്ടുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ചാപ്പല്‍ പരിവര്‍ത്തനം ചെയ്ത നടപടിയ്ക്കെതിരെ ഓണ്‍ലൈന്‍ പെറ്റീഷനുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ 'change.org' വഴി തയാറാക്കിയ ഓണ്‍ലൈന്‍ പരാതിയില്‍ നടപടി പിന്‍വലിക്കണമെന്നും ക്രൂശിത രൂപം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എണ്ണൂറിലധികം പേരാണ് ഇതിനോടകം ഒപ്പിട്ടിരിക്കുന്നത്. ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും നിശബ്ദ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും സംഘടിത ശുശ്രൂഷകൾക്കുമുള്ള പ്രധാനപ്പെട്ട ഇടമായി ഈ ചാപ്പല്‍ ഉപയോഗിച്ചിരുന്നുവെന്നും മുഖ്യ ആകർഷണ കേന്ദ്രമായ പ്രധാന ചുമരിലെ കുരിശുരൂപത്തിന് ക്രൈസ്തവർ വലിയ പ്രാധാന്യം കൊടുത്തിരിന്നുവെന്നും പരാതിയുടെ ആമുഖത്തില്‍ പരാമര്‍ശിക്കുന്നു.
കുരിശുരൂപത്തിൻ്റെ അപ്രതീക്ഷിതമായ നീക്കം ചെയ്യൽ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് വിരുദ്ധമായതുകൊണ്ട് ക്രൈസ്തവ സമൂഹത്തെ വളരെയധികം വിഷമിപ്പിക്കുന്നു. ആശുപത്രി അധികാരികളോട് ഓരോ മതവിഭാഗത്തിൻ്റെയും സ്വത്വത്തെ ആദരിച്ചുകൊണ്ട് വൈവിധ്യമാർന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനാ മുറികളിൽ മറ്റൊരു മതവിഭാഗം അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യം തങ്ങളും ആഗ്രഹിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ക്രൈസ്തവ ശുശ്രൂഷകൾക്കും വ്യക്തിപരമായ പ്രാർത്ഥനകൾക്കുമായി ചാപ്പലിലേക്ക് പൂർണ്ണ പ്രവേശനം ഉറപ്പാക്കുന്നതിനും തീരുമാനിച്ച പരിവർത്തനം പുനരാലോചിക്കണമെന്നും പ്രധാന ചുമരിൽ കുരിശുരൂപം പുനഃസ്ഥാപിക്കണമെന്നും ആശുപത്രി സിഇഒയോടും ഡയറക്ടർ ബോർഡിനോടും അഭ്യർത്ഥിക്കുകയാണെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നിരവധി മലയാളികള്‍ കൂടി ആശ്രയിക്കുന്ന ചാപ്പല്‍ ആയതിനാല്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ നൂറുകണക്കിന് മലയാളികളും ഭാഗമാകുന്നുണ്ട്. യൂറോപ്പിന്റെ ചരിത്രത്തിന്റെ കേന്ദ്രമായ ക്രൈസ്തവ വിശ്വാസം മാറ്റിനിര്‍ത്തുന്ന, അതേസമയം തന്നെ പ്രത്യേക മതത്തിന് പരിഗണന നല്‍കുന്ന അധികൃതരുടെ നടപടിയ്ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
PLEASE SIGN: നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക