News - 2025
വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികളെ വത്തിക്കാനിൽ സുപ്രധാന ചുമതല ഭരമേല്‍പ്പിച്ച് മാര്‍പാപ്പ
പ്രവാചകശബ്ദം 29-01-2024 - Monday
വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി നിയമിച്ചു. 'വിറ്റ്നസ് ടു ലവ്' എന്ന പേരിൽ വിവാഹങ്ങൾ കൗദാശികപരമായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളുടെ മിനിസ്ട്രിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ലൂസിയാന സംസ്ഥാനം ആസ്ഥാനമാക്കിയാണ് ഇവരുടെ മിനിസ്ട്രി പ്രവർത്തിക്കുന്നത്. അമേരിക്കയിൽ വിവാഹ ബന്ധങ്ങളില്‍ വലിയ കുറവുണ്ടാകുന്ന പശ്ചാത്തലത്തില്‍ ശക്തമായ വിവാഹം ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തില്‍ ഊന്നിയാണ് ദമ്പതികളുടെ ദൗത്യം.
സുഹൃത്തായ ഒരു വൈദികൻ അയച്ച ആശംസാ സന്ദേശം വഴിയാണ് തങ്ങളുടെ നിയമനത്തെ പറ്റി ആദ്യം അറിഞ്ഞതെന്ന് മേരി കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. എന്നാൽ നിയമനം എന്താണ് എന്നുള്ള കാര്യത്തിൽ വ്യക്തതയിലായിരുന്നു. പിന്നാലെ ഒരു സുഹൃത്ത് വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പ് അയച്ചു നൽകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരിന്നുവെന്ന് മേരി പറഞ്ഞു. തങ്ങളുടെ ശുശ്രൂഷ കൂടുതൽ ഫലദായകമാകുന്ന രീതിയിൽ ചെയ്യാമെന്നതിൽ സന്തോഷമുണ്ടെന്നും മേരി കൂട്ടിച്ചേര്‍ത്തു.
അഞ്ചുവർഷമാണ് ഇവരുടെ ദൗത്യത്തിന്റെ കാലയളവ്. അതേസമയം ഈ നിയമനം ആദ്യമായിട്ടാണ് അമേരിക്കയിൽ നിന്നുള്ള ദമ്പതികൾക്ക് ലഭിക്കുന്നത്. 2016 ഓഗസ്റ്റ് 15-ന് ഫ്രാന്‍സിസ് പാപ്പ റോമൻ കൂരിയയുടെ ഭാഗമായി രൂപം നല്‍കിയതാണ് അല്‍മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി. അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെയും കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സമന്വയിപ്പിച്ചാണ് ഇതിന് രൂപം നല്‍കിയത്.