News - 2024
തുര്‍ക്കിയില്‍ വിശുദ്ധ കുർബാനയ്ക്കിടെ നടന്ന കൊലപാതകം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
പ്രവാചകശബ്ദം 30-01-2024 - Tuesday
അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ സെൻ്റ് മേരീസ് പള്ളിയിൽ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്ക്കിടെ വിശ്വാസിയെ വെടിവച്ചുകൊന്ന ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. രണ്ടു പേർ അറസ്റ്റിലായെന്നും 30 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലിക്കായ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സംശയിക്കപ്പെട്ട രണ്ടുപേരും വിദേശ പൗരന്മാരാണ്.
ഒരാൾ താജിക്കിസ്ഥാനിൽ നിന്നുള്ളവരും മറ്റേയാൾ റഷ്യക്കാരനുമാണ്, അവർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാണെന്ന് കരുതുന്നതായും ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 47 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേരുടെ അറസ്റ്റാണ് ഞായറാഴ്ച രാത്രി പത്തിനാണ് രേഖപ്പെടുത്തിയതെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്താംബൂൾ പ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന പള്ളിയിൽ ഞായറാഴ്‌ച രാവിലെ 11.40നാണ് വിശുദ്ധ കുര്‍ബാന മദ്ധ്യേ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.
ഇതിനിടെ ഇരയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് തുർക്കി മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. മനുഷ്യരാശിക്കെതിരായ ഈ അക്രമത്തെ ശക്തമായി അപലപിക്കുകയാണെന്ന് ഇസ്മിറിലെ ആർച്ച് ബിഷപ്പ് മാർട്ടിൻ പ്രസ്താവിച്ചു തുർക്കി ഭരണകൂട സുരക്ഷാ സേന അക്രമത്തിന് പിന്നിലുള്ള ഉത്തരവാദികളെ കണ്ടെത്തുമെന്നും നീതി നടപ്പാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. സത്യം വെളിപ്പെടുത്തണമെന്നും കമ്മ്യൂണിറ്റികൾക്കും ദേവാലയങ്ങള്‍ക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നു ശക്തമായി ആവശ്യപ്പെടുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ജനുവരി 3ന് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്ന് സംശയിക്കുന്ന 25 പേരെ രാജ്യത്തു നിന്ന്‍ അറസ്റ്റ് ചെയ്തതായി തുർക്കി വാർത്താ ഏജൻസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.