News - 2024
ദ്വിരാഷ്ട്ര രൂപീകരണമാണ് പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം: ജെറുസലേം പാത്രിയാർക്കീസ് കർദ്ദിനാള്‍ പിസബല്ല
പ്രവാചകശബ്ദം 31-01-2024 - Wednesday
ന്യൂയോർക്ക്: വിശുദ്ധ നാട്ടിലെ പ്രതിസന്ധിയ്ക്കു പരിഹാരം ദ്വിരാഷ്ട്ര രൂപീകരണമാണെന്നു ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാളായ പിയർബാറ്റിസ്റ്റ പിസബല്ല. താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തുകയല്ല വിശുദ്ധനാട്ടിലെ പ്രശ്നങ്ങളുടെ വേരുകളിലേക്ക് പോകണ്ട സമയമാണിത്. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള ആദ്യപടിയായി വെടിനിർത്തലിന് ഇസ്രായേലും ഹമാസും സമ്മതിക്കുന്നത് ഇപ്പോൾ അത്യാവശ്യമാണെന്നും പാത്രിയാർക്കീസ് പറഞ്ഞു. ചിക്കാഗോ റിഡ്ജിലെ ഔവർ ലേഡി ഓഫ് ദ റിഡ്ജ് ചർച്ചിൽ അറബ് ക്രൈസ്തവ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരിന്നു ബിഷപ്പിന്റെ പ്രതികരണം.
ഇപ്പോഴത്തെ സാഹചര്യം യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഒരു താൽക്കാലിക പരിഹാരം ഒരു യുദ്ധത്തിൽനിന്ന് മറ്റൊന്നിലേയ്ക്കുള്ള ഒരു ഇടവേള മാത്രമാണെങ്കിൽ തങ്ങൾക്ക് അത് വേണ്ട. ഇപ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് യാഥാർത്ഥ്യമല്ല. 1.5 ദശലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരിച്ചവരുടെ സംഖ്യ 26,000 കടന്നെന്ന് പാലസ്തീൻ ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമായിരിന്നു. ഹമാസിനെ നീക്കം ചെയ്തു എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്ന നിബന്ധനയിൽ യുദ്ധത്തിൽ ശാശ്വത വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം ജനുവരി 18-ന് യൂറോപ്യൻ യൂണിയനും അംഗീകരിച്ചിരുന്നു.
ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയെ പിന്തുണയ്ക്കുന്നതിന് മാർപാപ്പ മിക്കവാറും എല്ലാ ദിവസവും വിളിക്കാറുണ്ടെന്ന് പറഞ്ഞ ലത്തീൻ പാത്രിയാർക്കീസ്, അക്രമം അവസാനിപ്പിച്ച് പരിഹാരം കണ്ടെത്തുന്നതിന് ഇരുഭാഗത്തും സമ്മര്‍ദ്ധം ചെലുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കടമയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിൽ സഭയ്ക്ക് പങ്കുണ്ടെന്നും ഇതിന് വിശ്വാസപരവും, സാമൂഹികവുമായ ഉപാധികൾ രൂപീകരിക്കാൻ സഹായിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.