News - 2024
കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം: എട്ടുപേർ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 03-02-2024 - Saturday
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ബേതിയിൽ ക്രൈസ്തവ ദേവാലയമുൾപ്പെടെ വിവിധയിടങ്ങളിൽ നടത്തിയ സായുധാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദസംഘടനയുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരിന്നു. പെന്തക്കോസ്ത് സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെയായിരിന്നു ആക്രമണം. കിഴക്കൻ കോംഗോയിൽ നടന്ന ആക്രമണങ്ങളിൽ മുപ്പത് പേരെ അക്രമിസംഘം ബന്ദികളാക്കി കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'വത്തിക്കാൻ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ജനുവരി 27 ശനിയാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് നടന്ന സമാനമായ മറ്റൊരാക്രമണത്തിൽ ദേവാലയത്തിനുള്ളിൽ തലയറുക്കപ്പെട്ട അഞ്ച് ക്രൈസ്തവർ ഉൾപ്പെടെ 32 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ടായിരിന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2020 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 89% ക്രൈസ്തവരാണ്. എന്നാൽ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്. ഇസ്ളാമിക തീവ്രവാദികളില്‍ നിന്ന്‍ ഏറ്റവും കനത്ത ഭീഷണി നേരിടുന്നത് ക്രൈസ്തവരാണ്.