News

വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം; യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി

പ്രവാചകശബ്ദം 04-02-2024 - Sunday

കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത 'ആന്റണി' സിനിമയിലെ വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ നിയമപോരാട്ടം നേടി വിജയം നേടിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവ് ക്രിസ്തു വിശ്വാസത്തിന് വേണ്ടി നടത്തിയ ഒറ്റയാള്‍ നിയമപോരാട്ടത്തില്‍ ഒടുവില്‍ അനുകൂല വിധി നേടുകയായിരിന്നു. സിനിമയിലെ വിശുദ്ധ ബൈബിളിനുള്ളില്‍ വെട്ടിമാറ്റിയ സ്ഥലത്തു തോക്ക് ഉള്‍ക്കൊള്ളിച്ചുള്ള രംഗമാണ് വിവാദമായത്. രംഗം കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നിയിരിന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്നു ജോജി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു.

നിരവധി പേരാണ് ഈ പോസ്റ്റ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സിനിമയുടെ പോസ്റ്റര്‍ പോസ്റ്റിനോടൊപ്പം ഉപയോഗിച്ചതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ കോപ്പിറൈറ്റ് ലംഘനംചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് നല്കിയ പരാതിയില്‍ പോസ്റ്റ് അപ്രത്യക്ഷമായി. വിഷയത്തില്‍ തുടര്‍ന്നും ഇടപെടണമെന്ന ശക്തമായ തോന്നല്‍ ഉണ്ടായതോടെയാണ് ഇടവകാംഗമായ അഭിഭാഷകനെ സമീപിച്ചത്. ആദ്യപടിയായി സിനിമയിലെ രംഗം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിന് പരാതി അയയ്ക്കുകയാണ് ചെയ്തത്.

മറുപടി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഇതിനിടെ സിനിമയില്‍ ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇല്ലായെന്നും തെറ്റായ ആരോപണമാണെന്നും പ്രൊഡ്യൂസര്‍ സെന്‍സര്‍ ബോര്‍ഡിന് മെയില്‍ അയച്ചതോടെ വിഷയം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനമെടുത്തു. സിനിമയിലെ വിവാദ ദൃശ്യത്തിലെ റോമാക്കാര്‍ക്ക് എഴുതിയ ലേഖന ഭാഗത്തിന്റെ ചിത്രവും യഥാര്‍ത്ഥ ബൈബിളിലെ ഭാഗങ്ങളും ഒന്നാണെന്ന് ജോജി കോടതിയില്‍ വ്യക്തമാക്കി. കോടതി അവധിക്കു ശേഷം, സെന്‍സര്‍ ബോര്‍ഡിന്റെ വക്കീല്‍ കോടതിയില്‍ ഹാജരായപ്പോള്‍ വിവാദമായ രംഗം സീന്‍ അവ്യക്തമാക്കി അവതരിപ്പിക്കുവാന്‍ സിനിമയ്ക്കു പിന്നിലുള്ളവര്‍ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരിന്നു.

ജനുവരി 12നു സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയപ്പോള്‍ രംഗത്തിലെ ബൈബിള്‍ ഭാഗം അവ്യക്തമാക്കിയാണ് പ്രദര്‍ശനത്തിനെത്തിയത്. ഇക്കാര്യം കോടതിയില്‍ അറിയിച്ചതോടെ തീര്‍പ്പ് കല്‍പ്പിക്കുകയായിരിന്നുവെന്നും ജോജി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. ക്രൈസ്തവ വിരുദ്ധ അവേഹളനം നിറഞ്ഞ ഉള്ളടക്കമുള്ള സിനിമകള്‍ക്കു എതിരെ നിയമപരമായി മുന്നോട്ട് പോയാല്‍ ഫലമുണ്ടാകുമെന്ന സൂചനയാണ് ഈ കേസിലൂടെ വ്യക്തമായിരിക്കുന്നതെന്നും ജോജി പറയുന്നു. കേസിന്റെ വിജയത്തിന് പിന്നില്‍ പ്രാര്‍ത്ഥനയുടെ വലിയ ശക്തിയുണ്ടെന്നും ജോജി കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ ക്രിസ്തീയ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയം സ്വന്തമാക്കിയ ജോജിക്ക് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ക്രൈസ്തവ വിശാസം ശക്തമായി പ്രഘോഷിക്കുന്ന വ്യക്തി കൂടിയാണ് ജോജി. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ജോജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ജീവസമൃദ്ധി' പ്രോലൈഫ് പദ്ധതി ഏറെ ശ്രദ്ധ നേടിയിരിന്നു. 115 ദമ്പതികള്‍ക്കു 'ജീവസമൃദ്ധി' പദ്ധതി വഴി ജോജിയും കൂട്ടരും സഹായം ലഭ്യമാക്കിയിട്ടുണ്ട്.

➤➤➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤➤➤

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »