News - 2024
വിയറ്റ്നാമില്‍ ഭവനത്തില്‍ പ്രാർത്ഥന കൂട്ടായ്മ നടത്തിയതിന് ക്രൈസ്തവ വിശ്വാസിയ്ക്കു നാലര വർഷത്തെ തടവ്
പ്രവാചകശബ്ദം 05-02-2024 - Monday
ഹോ ചി മിൻ സിറ്റി: വിയറ്റ്നാമില്‍ തൻ്റെ വീട്ടിൽ പ്രാർത്ഥന നടത്തിയതിന് ക്രൈസ്തവ വിശ്വാസിയെ 4.5 വർഷത്തെ തടവിന് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യത്തു ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു വിധേയമാകുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്ത. സെൻട്രൽ ഹൈലാൻഡ്‌സ് ഇവാഞ്ചലിക്കൽ സമൂഹവുമായി ബന്ധമുള്ള നെയ് വൈ ബ്ലാങ്ങിനെ (48) കഴിഞ്ഞ വെള്ളിയാഴ്ചയാണ് തടവിന് ശിക്ഷിച്ചത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികൾക്ക് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
വിയറ്റ്നാമീസ് സർക്കാർ പ്രാർത്ഥനയെ അവരുടെ അധികാരത്തിനും നിയമസാധുതയ്ക്കും നേരിട്ടുള്ള ഭീഷണിയായാണ് കാണുന്നതെന്നു ക്രിസ്ത്യൻ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സംഘടനയുടെ അധ്യക്ഷന്‍ മെർവിൻ തോമസ് പ്രസ്താവിച്ചു. വിയറ്റ്‌നാമിലെ മനുഷ്യാവകാശ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തു മതപരവും വംശീയവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിൻ്റെ ഉദാഹരണമാണിത്. ഇത് പലപ്പോഴും ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ രൂക്ഷമാണെന്നും ക്രിസ്ത്യൻ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പ്രസ്താവിച്ചു.
ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ് വിയറ്റ്നാം. രാജ്യത്തെ 55% ജനങ്ങളും ബുദ്ധമതമാണ് പിന്തുടരുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ആദ്യത്തെ പോർച്ചുഗീസ് മിഷ്ണറിമാർ വിയറ്റ്നാമിൽ എത്തിചേരുന്നത്. 9.6 മില്യണ്‍ വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവരായിട്ടുള്ളത്. ആകെ ജനസംഖ്യയുടെ 9.7% മാത്രമാണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. 2020-ൽ രാജ്യത്തെ ജനസംഖ്യ കണക്കുകള്‍ പ്രകാരം ക്രൈസ്തവരില്‍ 7% കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള 'ഓപ്പണ്‍ഡോഴ്സ്' പട്ടികയില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്താണ് വിയറ്റ്നാം.
➤➤➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤➤➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക