News - 2024

ചാൾസ് രാജാവിന് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍

പ്രവാചകശബ്ദം 06-02-2024 - Tuesday

ലണ്ടന്‍: ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ബക്കിംഗ്ഹാം കൊട്ടാരം ആഗോള സമൂഹത്തെ അറിയിച്ചതിനു പിന്നാലെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാന്‍ സമിതിയുടെ അധ്യക്ഷനും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. ചികിത്സയ്ക്കിടയിൽ രാജാവ് പൊതുചുമതലകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരിന്നു.



രാജാവ് ഇപ്പോൾ അര്‍ബുദ ചികിത്സയുടെ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നു എന്നറിയുന്നതിൽ ദുഃഖമുണ്ടെന്ന് കർദ്ദിനാൾ നിക്കോൾസ് 'എക്സി'ല്‍ കുറിച്ചു. ചാള്‍സ് രാജാവ് പൂർണ്ണമായും വേഗത്തിലും സുഖം പ്രാപിക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ കത്തോലിക്കാ സമൂഹത്തിനുവേണ്ടി ആശംസകളും പ്രാർത്ഥനയുടെ ഉറപ്പും വാഗ്ദാനം ചെയ്യുകയാണെന്നും ദൈവം രാജാവിനെ അനുഗ്രഹിക്കട്ടെയെന്നും കർദ്ദിനാൾ നിക്കോൾസ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെച്ചിരിക്കുകയാണ്. ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും ബക്കിംഗ്ഹാം പാലസിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »