News
സെന്റ് അഗസ്റ്റിന്‍ സൊസൈറ്റി ശതാബ്ദി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചാള്‍സ് രാജകുമാരന്‍
പ്രവാചകശബ്ദം 24-05-2022 - Tuesday
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്ററിലെ കത്തോലിക്ക മെത്രാപ്പോലീത്തമാരുടെ സഹായത്തിനായി സ്ഥാപിതമായ ‘സൊസൈറ്റി ഓഫ് സെന്റ് അഗസ്റ്റിന്‍ ഓഫ് കാന്റര്‍ബറി’യുടെ ശതാബ്ദി ആഘോഷങ്ങളില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും പങ്കെടുത്തു. ഇക്കഴിഞ്ഞ ആഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് സംഘടിപ്പിച്ച വിരുന്നിലെ മുഖ്യാതിഥി ചാള്‍സ് രാജകുമാരനായിരുന്നു. 1922-ല്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ബോര്‍ണെയാല്‍ സ്ഥാപിതമായതു മുതല്‍ എപ്രകാരമാണ് സെന്റ് അഗസ്റ്റിന്‍ സൊസൈറ്റി, വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്തയുടെ അരമനയുടെ മേല്‍നോട്ടവും, പരിപാലനവും നിര്‍വഹിച്ചു വരുന്നതെന്ന് സൊസൈറ്റിയുടെ പ്രസിഡന്റും, നോര്‍ഫോക്കിലെ പതിനെട്ടാമത്തെ ഡ്യൂക്കുമായ എഡ്വാര്‍ഡ് ഫിറ്റ്‌സാലന്‍ - ഹോവാര്‍ഡ് വിവരിച്ചു.
വിരുന്നിനോടനുബന്ധിച്ച് സംഘടിപ്പിച്ച ലേലത്തിലൂടെ ആറായിരം പൗണ്ടിലധികം സമാഹരിക്കുവാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു. മധ്യപൂര്‍വ്വേഷ്യയില്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ചാള്‍സ് രാജകുമാരന്‍. 2019 ഒക്ടോബര്‍ 13-ന് റോമില്‍ വെച്ച് ജോണ്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിലും ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തിരുന്നു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിശുദ്ധ ഹെന്‍റി ന്യൂമാനെ “കാലത്തിനും അതീതമായി ചിന്തിച്ചവന്‍”, “ഭയം കൂടാതെ സത്യം സംരക്ഷിച്ചന്‍” എന്നൊക്കെയാണ് ചാള്‍സ് രാജകുമാരന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
1965-ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ ആംഗ്ലിക്കന്‍ സഭാംഗമായി വിശ്വാസ സ്ഥിരീകരണം നടത്തിയ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജസിംഹാസനത്തില്‍ ഏറുമ്പോള്‍ രാജ്യത്തെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണര്‍ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓര്‍ത്തഡോക്സ് വിശ്വാസത്തിലും താല്‍പ്പര്യമുള്ള ചാള്‍സ് രാജകുമാരന്‍ വടക്ക്-കിഴക്കന്‍ ഗ്രീസിലെ ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന കേന്ദ്രമായ ‘അതോസ് മല’ നിരവധി പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്.