News
വിശുദ്ധ നാട് അക്രമാസക്തമായ അരാജകത്വം നിറഞ്ഞ പ്രദേശമായി: സന്ദര്‍ശനത്തിന് പിന്നാലെ സിആര്‍എസ് മേധാവി
പ്രവാചകശബ്ദം 08-02-2024 - Thursday
ജെറുസലേം: വിശുദ്ധ നാട് അക്രമാസക്തമായ അരാജകത്വത്താൽ സൃഷ്ടിക്കപ്പെട്ട പ്രദേശമായി മാറിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസിന്റെ മേധാവി സീൻ കാല്ലഹാൻ. കഴിഞ്ഞ ദിവസം വിശുദ്ധ നാട് സന്ദര്‍ശിച്ചതിന് ശേഷം കാത്തലിക് ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം അക്രമാസക്തമായ അരാജകത്വത്താൽ സൃഷ്ടിക്കപ്പെട്ട പ്രദേശമാണ് തനിക്ക് കാണിച്ചുതന്നതെന്നും എന്നാൽ പ്രതീക്ഷയും പ്രതിരോധവും നിറഞ്ഞ ആളുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന ഒരു കുടുംബത്തോടൊപ്പം തൻ്റെ ടീം താമസിച്ച സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു. ഒരു ഘട്ടത്തിൽ കുട്ടികളിൽ ഒരാൾ വന്ന് അവൻ്റെ അച്ഛനോട് ചോദിച്ചു: ''ഞങ്ങൾ കുട്ടികൾ മാത്രമാണ്, അവർ എന്തിനാണ് ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്?". അവിടെയുള്ള എല്ലാവരും അക്രമത്തിൻ്റെ ഇരകളാണ്. മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കപ്പെടുന്നു. എന്നാൽ സമീപ ഭാവിയിൽ തങ്ങൾ പ്രത്യാശ കാണുകയാണെന്നും സീൻ കാല്ലഹാൻ പറഞ്ഞു.
സിആർഎസിൻ്റെ പങ്കാളികളുമായി ബന്ധപ്പെടുകയും സഹായം എവിടെയൊക്കെ ആവശ്യമാണെന്ന് വിലയിരുത്തുകയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ യാത്രയ്ക്കു പിന്നിലുള്ള ലക്ഷ്യം. ഇസ്രായേൽ-ഹമാസ് സംഘർഷം മേഖലയിലെ എല്ലാവരേയും എങ്ങനെ ബാധിക്കുന്നുവെന്നും എല്ലാവരേയും പിന്തുണയ്ക്കാൻ തങ്ങൾക്ക് എന്തുചെയ്യാനാകുമെന്നും സഭ പ്രതികരിക്കേണ്ടത് എന്താണെന്നും ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. സിആർഎസിൻ്റെ ആഗോള ദുരിതാശ്വാസ ദൗത്യങ്ങളിലെ നിരവധി പങ്കാളികളുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്നും സീൻ കാല്ലഹാൻ വെളിപ്പെടുത്തി.
അമേരിക്ക ആസ്ഥാനമായ അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാത്തലിക് റിലീഫ് സർവീസസ് (സിആർഎസ്). 1943-ൽ അമേരിക്കന്‍ മെത്രാന്‍ സമിതി സ്ഥാപിച്ച ഈ ഏജൻസി വഴി ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ നൂറ്റിപ്പത്തിലധികം രാജ്യങ്ങളിലും 130 ദശലക്ഷം ആളുകൾക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. വിശുദ്ധ നാട്ടിലെ യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും സിആര്‍എസ് ആയിരങ്ങള്‍ക്ക് വലിയ സേവനമാണ് നല്‍കുന്നത്.