News
'പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 07-08-2025 - Thursday
വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” സിനിമയുടെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപിച്ചു. ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില്‍ റിലീസ് ചെയ്യുമെന്നും ലയൺസ്ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യ ഭാഗം 2027 മാർച്ച് 26 ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകൾക്കുശേഷം മെയ് 6ന് സ്വര്‍ഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യും.
ഓഗസ്റ്റ് 5ന് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ലയൺസ്ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. ഈ തലമുറയിലെ ലോകമെമ്പാടുമുള്ള നിരവധി പ്രേക്ഷകര്‍ക്ക്, 'ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിസ്മയകരവും അതിശയകരവുമായ ചിത്രമായിരിക്കുമെന്ന് ലയൺസ്ഗേറ്റ് മോഷൻ പിക്ചർ ഗ്രൂപ്പിന്റെ ചെയർമാൻ ആദം ഫോഗൽസൺ പത്രക്കുറിപ്പിൽ പറഞ്ഞു.
THE RESURRECTION OF THE CHRIST Parts One and Two - coming to theaters Spring 2027.
— lionsgate (@Lionsgate) August 5, 2025
PART ONE
Good Friday - March 26, 2027
PART TWO
Ascension Day - May 6, 2027 pic.twitter.com/0TzQgzahd3
ലയൺസ്‌ഗേറ്റിന്റെ ഇടപെടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും 'ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ചിത്രത്തിന് ഇതിലും മികച്ച ഒരു വിതരണക്കാരനെ തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായെന്നും സിനിമയുടെ സംവിധായകന്‍ മെല്‍ ഗിബ്സൺ പറഞ്ഞു. യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസല്‍ തന്നെയായിരിക്കും യേശുവായി വീണ്ടും അവതരിപ്പിക്കുക. ആദ്യ സിനിമ പുറത്തിറങ്ങി 20 വർഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സിജിഐ ഡീ-ഏജിംഗ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടിവരുമെന്നു ഗിബ്സൺ നേരത്തെ പങ്കുവെച്ചിരിന്നു.
2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’. ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം. ഐക്കൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
