News
സന്യാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം പ്രചോദനമായി: ട്രാപ്പിസ്റ്റ് സന്യാസിയാകാന്‍ സ്പാനിഷ് ചിത്രകാരന്റെ തീരുമാനം
പ്രവാചകശബ്ദം 10-02-2024 - Saturday
മാഡ്രിഡ്: സന്യാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രത്തിലെ വരികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പാനിഷ് ചിത്രകാരൻ ജോസ് മരിയ മെൻഡസ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തില്‍. ''ലിബ്രെസ്'' എന്ന ചിത്രത്തിലെ ഏതാനും വാചകങ്ങളാണ് അദ്ദേഹത്തെ സന്യാസം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ഫെബ്രുവരി മാസം അവസാനത്തോടെ ട്രാപ്പിസ്റ്റ് സന്യാസ ജീവിതത്തിലേക്ക് മെൻഡസ് പ്രവേശിക്കും. അന്താരാഷ്ട്ര തലത്തിൽ വിജയമായി മാറിയ ഡോക്യുമെന്‍ററി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സന്യാസിയുടെ ഈ വാക്കുകളാണ് മെൻഡസിനെ സ്പർശിച്ചത്.
"നിനക്ക് എല്ലാം ലഭിച്ചു, അതെല്ലാം ഉപേക്ഷിച്ച് എന്നോടൊപ്പം വരിക" എന്ന വിളി ചിത്രത്തിലൂടെ കേട്ട മെൻഡസ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അതിനുശേഷം പിന്നീട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ലായെന്ന് അന്‍പത്തിമൂന്നുവയസ്സുള്ള ചിത്രകാരൻ എസിഐ പ്രൻസാ എന്ന് മാധ്യമത്തോട് പറഞ്ഞു. സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കണമെന്ന ചിന്ത കുടുംബത്തോടുള്ള ചില ബാധ്യതകൾ ഉള്ളതുകൊണ്ട്, ഉപേക്ഷിച്ചിരുന്ന കാര്യമാണെന്ന് അദ്ദേഹം ഓർത്തെടുത്തു. കോർഡോബയുടെ ദക്ഷിണ പ്രവിശ്യയിലെ ആശ്രമത്തിലായിരിക്കും അദ്ദേഹം പ്രവേശിക്കുക.
എട്ടു പുരുഷന്മാരാണ് ആശ്രമത്തിൽ ഉള്ളത്. 27 വർഷങ്ങൾക്കു മൂന്‍പ് ഒരു പ്രദർശനം ഇവിടെ സംഘടിപ്പിച്ച നാളിൽ തന്നെ ആശ്രമം മെൻഡസിന്റെ മനസ്സിൽ കയറി കൂടിയിരുന്നു. ഈ അടുത്ത കാലം വരെ 50 പേർക്ക് പരിശീലനം നൽകിയിരുന്ന വളരെ തിരക്കുള്ള ഒരു ചിത്രകാരനായിരുന്നു മെൻഡസ്. സന്യാസ ജീവിതത്തിൽ പ്രവേശിക്കുന്നതോടുകൂടി തന്റെ ചിത്രങ്ങളിൽ ചിലത് സുഹൃത്തുക്കൾക്ക് കൈമാറാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് അദ്ദേഹം.
ആശ്രമത്തിൽ ചിത്രം വരയ്ക്കാൻ സാധിക്കുമോയെന്ന് ഉറപ്പില്ല, എങ്കിലും ഇത് മെൻഡസിനെ ആശങ്കപ്പെടുത്തുന്നില്ല. ആശ്രമത്തിന്റെ ചുമതലയുള്ളയാൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, ചിത്രം വരയ്ക്കുന്നത് രണ്ടാമത്തെ കാര്യം മാത്രമാണെന്നും, തന്റെ ഇപ്പോഴത്തെ ചുമതല പ്രാർത്ഥിക്കുക എന്നതാണെന്നും അദേഹം പറയുന്നു. ക്രിസ്ത്യന്‍ ആശ്രമ സന്യാസ ജീവിതത്തിലൂടെ പ്രസിദ്ധമായ സ്പെയിനിലെ പന്ത്രണ്ടോളം ആശ്രമങ്ങളിലെ ആത്മീയ ജീവിതത്തേക്കുറിച്ച് പറയുന്ന ‘ലിബ്രെസ്’ ഡോക്യുമെന്ററി സിനിമ ഏറെ ശ്രദ്ധ നേടിയിരിന്നു. ബോസ്കോ ഫിലിംസാണ് ഇതിൻറെ നിർമാതാക്കൾ.