Videos - 2024

“നല്ല കള്ളൻ” | നോമ്പുകാല ചിന്തകൾ | ഒന്നാം ദിവസം

പ്രവാചകശബ്ദം 12-02-2024 - Monday

"നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം നമ്മുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. അവൻ തുടർന്നു: ഈശോയേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!" (ലൂക്കാ 23: 40-42) .

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഒന്നാം ദിവസം ‍

നമ്മൾ വീണ്ടും ഒരു വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കർത്താവായ യേശു ക്രിസ്‌തുവിനെ കുരിശിൽ തറച്ചപ്പോൾ അവിടുത്തെ രണ്ടു വശങ്ങളിലുമായി രണ്ടു കള്ളന്മാരെയും കുരിശിൽ തറച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ വലിയ നോമ്പിലേക്ക് പ്രവേശിക്കുവാൻ ധ്യാനവിഷയമാക്കേണ്ട ഏറ്റവും ഉചിതമായ ഒരു രംഗം ഇതുതന്നെയായിരിക്കാം. രണ്ടുകള്ളന്മാരുടെ നടുവിൽ ക്രിസ്‌തു കുരിശിൽ തറക്കപ്പെട്ടിരിക്കുന്ന രംഗത്തിലൂടെ സുവിശേഷം മാനവകുലത്തെ മുഴുവൻ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ്. ഈ രണ്ടുകള്ളന്മാർ ഈ ലോകത്തിലെ സകലമനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നു.

ഈശോയെ ദുഷിച്ചുപറയുന്ന കള്ളൻ ക്രിസ്‌തുവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത, സ്വന്തം വീഴ്ചകൾക്ക് ദൈവത്തെയും മറ്റുള്ളവരെയും പഴിക്കുന്ന വ്യക്തികളുടെ പ്രതീകമാണ്. എന്നാൽ നല്ല കള്ളനാകട്ടെ പാപിയാണെങ്കിലും സ്വന്തം പാപങ്ങളോർത്ത് പശ്ചാത്തപിക്കുന്ന, യേശുക്രിസ്തുവിനെ സത്യദൈവമായി തിരിച്ചറിയുന്ന വ്യക്തികളുടെ പ്രതീകമാണ്. ഇവരുടെ മധ്യത്തിൽ കുരിശിൽ കിടക്കുന്ന യേശുക്രിസ്തുവിനെ ഉയർത്തിനിറുത്തിക്കൊണ്ട് "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്ന സത്യം പിതാവായ ദൈവം ഈ ലോകത്തിന് വെളിപ്പെടുത്തുന്നു.

ഈശോയെ ദുഷിച്ചു പറഞ്ഞ കള്ളനെ ശകാരിച്ചുകൊണ്ട് നല്ല കള്ളൻ പറയുന്ന വാക്കുകൾ വിശുദ്ധ ലൂക്കായുടെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം നമ്മുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. അവൻ തുടർന്നു: ഈശോയേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!" (ലൂക്കാ 23: 40-42) അപ്പോൾ ഈശോ അവനോട് അരുളിച്ചെയ്തു; ''സത്യമായി ഞാൻ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" (ലൂക്കാ 23: 43).

ഇവിടെ നല്ല കള്ളൻ മൂന്നുകാര്യങ്ങൾ ചെയ്യുന്നു;

ഒന്ന്: മിശിഹായുടെ ശരീരത്തിലേറ്റ മുറിവുകൾക്ക് ഉത്തരവാദി താനാണെന്ന് അവൻ തിരിച്ചറിഞ്ഞുകൊണ്ട് അവൻ സ്വന്തം പാപങ്ങളോർത്ത് പശ്ചാത്തപിക്കുന്നു.

രണ്ട്: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അധികാരിയും വിധികർത്താവുമായ യേശുക്രിസ്തുവിനെ സത്യദൈവമായി അവൻ തിരിച്ചറിയുന്നു.

മൂന്ന്: അവൻ മറ്റേ കള്ളനോട് ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുന്നു.

സ്വർഗ്ഗരാജ്യ പ്രവേശനത്തിന് ഈ മൂന്നുകാര്യങ്ങളും സുപ്രധാനമാണെന്ന് ഇതിലൂടെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ സുവിശേഷ പ്രഘോഷണത്തെക്കുറിച്ച് വലിയൊരു പാഠം നല്ല കള്ളൻ നമ്മുക്ക് നൽകുന്നുണ്ട്. നല്ല കള്ളന്റെ പ്രഘോഷണത്തിലൂടെ മറ്റേ കള്ളൻ മാനസാന്തരത്തിലേക്കു കടന്നുവരുന്നതായി നാം കാണുന്നില്ല. എന്നാൽ ആ പ്രഘോഷണം നല്ല കള്ളനെ സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കുന്നു. അതിനാൽ നമ്മുടെ നന്മപ്രവർത്തികളിൽ കൂടി എന്തു മാറ്റം ഈ ലോകത്ത് സംഭവിച്ചു?

അല്ലെങ്കിൽ നമ്മുടെ സുവിശേഷ വേലയിലൂടെ എത്രമാത്രം അത്ഭുതങ്ങളും മാനസാന്തരങ്ങളും സംഭവിച്ചു എന്ന് നോക്കിയല്ല, പിന്നെയോ നാം എത്രമാത്രം തീഷ്ണതയോടെ ക്രിസ്‌തുവിന്റെ സന്ദേശം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ഈ ലോകത്തിന് പകർന്നുനൽകി എന്നതിനനുസരിച്ചാണ് ദൈവം നമ്മുക്ക് പ്രതിഫലം നൽകുന്നത്. അതുകൊണ്ടാണ് സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം പ്രസംഗിക്കുവാൻ വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മോട് ആഹ്വാനം ചെയ്യുന്നത് (2 തിമോ 4:2).

അതിനാൽ പ്രിയപ്പെട്ട സഹോദരങ്ങളെ ഈ നോമ്പുകാലത്ത് നമ്മുക്ക് നമ്മുടെ പാപങ്ങളോർത്ത് പശ്ചാത്തപിക്കാം. മിശിഹായുടെ ദൈവത്വത്തെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കുകയും, അവിടുത്തെ ഇനിയും അറിഞ്ഞിട്ടില്ലാത്ത അനേകരോട് സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാം. അപ്പോൾ ഈശോ നമ്മോടും പറയും: "നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" എന്ന്.

സഭാപിതാവായ ഒരിജൻ ഇപ്രകാരം പറയുന്നു: "നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" എന്ന് പറയുന്നതുവഴി, സ്വന്തം പാപം മൂലം ആദമടച്ച പറുദീസയുടെ വാതിൽ വിശ്വാസികൾക്കും തന്നെ ഏറ്റുപറയുന്നവർക്കുമായി ഈശോ തുറന്നുനൽകുകയാണ്. ജീവൻറെ വൃക്ഷത്തെ സംരക്ഷിക്കുന്നതിനു സ്ഥാപിക്കപ്പെട്ടിരിക്കുന്ന ജ്വലിക്കുന്ന വാൾ നീക്കം ചെയ്യുവാനും പറുദീസയുടെ കവാടങ്ങൾ തുറക്കുവാനും അവനല്ലാതെ മറ്റാർക്കാണ് കഴിയുക? ക്രോവേ മാലാഖ കാവൽ നിന്നിരുന്ന പറുദീസയുടെ വാതിൽ തുറക്കുവാൻ, സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വ അധികാരവും നൽകപ്പെട്ടിരിക്കുന്നവനായ യേശുക്രിസ്തുവിനല്ലാതെ മറ്റേതു ശക്തിക്കാണ് കഴിയുക". (Homilies on Leviticus, 9.5)


Related Articles »