News
മധ്യ മെക്സിക്കോയില്‍ ദൈവവിളി വസന്തം; 12 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 13-02-2024 - Tuesday
മെക്സിക്കോ സിറ്റി: മധ്യ മെക്സിക്കോയിലെ പ്യൂബ്ല അതിരൂപതയില്‍ കത്തോലിക്ക സഭയ്ക്കു പ്രതീക്ഷയുടെ കിരണവുമായി ദൈവവിളി വസന്തം. ഫെബ്രുവരി 8ന് അതിരൂപതയില്‍ 12 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. പ്യൂബ്ലയിലെ അമലോഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ പ്യൂബ്ല ആർച്ച് ബിഷപ്പ് മോൺ. വിക്ടർ സാഞ്ചസ് എസ്പിനോസ മുഖ്യകാര്‍മ്മികത്വം വഹിച്ചു. യേശുക്രിസ്തുവിൻ്റെ സുവിശേഷം ആനന്ദത്തോടെ അറിയിക്കണമെന്നും, ദൈവത്തിൻ്റെ വിശുദ്ധജനത്തെ മേയ്‌ക്കാൻ അവിടുന്ന് അവരെ വിളിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
തങ്ങൾക്ക് ലഭിച്ച ദൈവവചനം സന്തോഷത്തോടെ കൈമാറാൻ ആർച്ച് ബിഷപ്പ് വിക്ടർ സാഞ്ചസ് നവവൈദികരോട് ആഹ്വാനം ചെയ്തു. വായിക്കുന്നത് വിശ്വസിക്കുക, വിശ്വസിക്കുന്നത് പഠിപ്പിക്കുക, പഠിപ്പിക്കുന്നത് നടപ്പിലാക്കുക, അങ്ങനെ ജീവിതം ക്രിസ്തുവിൻ്റെ ശിഷ്യന്മാരുടെ മാതൃകയാകാനും ദൈവത്തിൻ്റെ സഭയായ വിശുദ്ധ ഭവനം പണിയുന്നതിൽ സംഭാവന നൽകാനും ശ്രമിക്കണം. തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നന്ദി പറയുകയാണെന്ന് ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
നവവൈദികരില്‍ 11 പേർ പ്യൂബ്ല അതിരൂപതയിലെ പൊന്തിഫിക്കൽ പാലഫോക്സിയാനോ ആഞ്ചലോപൊളിറ്റാനോ സെമിനാരിയിൽ പരിശീലനം നേടിയവരാണ്. മറ്റൊരാൾ റിഡെംപ്‌റ്റോറിസ് സെമിനാരിയിൽ നിന്നാണ് വൈദിക പഠനം പൂര്‍ത്തീകരിച്ചത്. 2009 ഏപ്രിലിൽ പ്യൂബ്ലയിൽ ഉത്തരവാദിത്വം ഏറ്റെടുത്തതിന്, ശേഷം ബിഷപ്പ് വിക്ടർ മൊത്തം 126 വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കിയിട്ടുണ്ട്. അതിരൂപതയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, 297 ഇടവകകളിലും അർദ്ധ ഇടവകകളിലുമായി 379 രൂപത വൈദികരാണ് സേവനം ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫിലും സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫ് സമൂഹങ്ങളില്‍ അംഗങ്ങളായ 99 വൈദികരും സേവനം തുടരുന്നുണ്ട്.