News
ഗാസ മുനമ്പിൽ കൊല്ലപ്പെട്ടത് മുപ്പതോളം ക്രൈസ്തവര്‍
പ്രവാചകശബ്ദം 15-02-2024 - Thursday
ജെറുസലേം: ഗാസ മുനമ്പിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിൻ്റെ ജീവിത സാഹചര്യം മോശമാകുന്നുവെന്ന് സൂചിപ്പിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഹമാസ് -ഇസ്രായേല്‍ പോരാട്ടം സംഘർഷം വീണ്ടും ആരംഭിച്ച് നാല് മാസത്തിനിടെ മുപ്പതോളം ക്രിസ്ത്യാനികളാണ് ഗാസയിൽ മരിച്ചതെന്ന് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഗ്രീക്ക് ഓർത്തഡോക്‌സ് ഇടവക കോമ്പൗണ്ടിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ 17 പേരും ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രായേലി സ്‌നൈപ്പർമാർ കൊലപ്പെടുത്തിയ രണ്ട് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. 11 പേർ വിവിധ അസുഖങ്ങളെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മേഖലയെ വടക്കും തെക്കും രണ്ട് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചിരിക്കുകയാണെന്നും ഭക്ഷണവും ഇന്ധനവും കണ്ടെത്തുന്നത് വളരെ പ്രയാസകരമായി തുടരുകയാണെന്നും എസിഎൻ ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും, ഒരു വൈദികനും മൂന്ന് വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള ഏഴ് കന്യാസ്ത്രീകളും സേവനം തുടരുകയാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ അഭയം കണ്ടെത്തിയ ക്രൈസ്തവര്‍ക്കും മറ്റ് മതസ്ഥര്‍ക്കും ഇവര്‍ സമാനതകളില്ലാതെ സേവനം ചെയ്യുകയാണ്.
ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിൻ്റെ ഭാഗമായ ഈ കോമ്പൗണ്ടിൽ ഒരു ഘട്ടത്തിൽ 700 പേർ അഭയം തേടിയിരിന്നു. എന്നാൽ കുടിയേറ്റവും മരണവും ആളുകളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായി. ഇപ്പോൾ, 184 കുടുംബങ്ങളില്‍ നിന്നായി മൊത്തം 560 ക്രൈസ്തവരാണ് അഭയാര്‍ത്ഥികളായി തുടരുന്നത്. കത്തോലിക്ക വിശ്വാസികളും ഓർത്തഡോക്സ് സമൂഹത്തില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 18 വയസ്സിന് താഴെയുള്ള 60 വികലാംഗരും 140 കുട്ടികളും 65 വയസ്സിന് മുകളിലുള്ള 84 പേരും അഭയം തേടിയവരുടെ ഗണത്തിലുണ്ട്. അതേസമയം വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് ഗാസയില്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റിന്റെ സഹായത്തോടെ എസിഎന്‍ സഹായം ലഭ്യമാക്കുന്നത് തുടരുകയാണ്.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക