News - 2024

നോമ്പിൽ ദിവ്യകാരുണ്യത്തിന് മുൻപിൽ നിശബ്ദ പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തണം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 15-02-2024 - Thursday

റോം: നോമ്പിന്റെ ദിനങ്ങളില്‍ ദിവ്യകാരുണ്യത്തിന് മുൻപിൽ നിശബ്ദമായ പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ (ഫെബ്രുവരി 14) വിഭൂതി ബുധനാഴ്ച റോമിലെ സാന്താ സബീന ബസിലിക്കയില്‍ വിഭൂതി തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ക് സംസാരിക്കുകയായിരിന്നു പാപ്പ. സഹോദരരേ, നമുക്ക് മടങ്ങിപ്പോകാം. പൂർണ്ണഹൃദയത്തോടെ നമുക്ക് ദൈവത്തിലേക്ക് മടങ്ങാം. നോമ്പിൻ്റെ ഈ ആഴ്‌ചകളിൽ, നമുക്ക് നിശബ്ദമായ ആരാധനയുടെ പ്രാർത്ഥനയ്ക്ക് ഇടം നൽകാം. അതിൽ മോശയെപ്പോലെ, ഏലിയായപ്പോലെ, മറിയത്തെപ്പോലെ, യേശുവിനെപ്പോലെ കർത്താവിൻ്റെ സാന്നിധ്യം അനുഭവിക്കുവാന്‍ പരിശ്രമിക്കാം.

"നിങ്ങളുടെ ദൈനംദിന പ്രവൃത്തികളിൽ നിന്ന് അൽപ്പനേരത്തേക്ക് രക്ഷപ്പെടുക, നിങ്ങളുടെ അസ്വസ്ഥമായ ചിന്തകളിൽ നിന്ന് ഒരു നിമിഷം ഒളിക്കുക. നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്നും വേർപെടുത്തുക, നിങ്ങളുടെ ജോലികളെയും അധ്വാനങ്ങളെയും കുറിച്ച് അൽപ്പം മാത്രം ശ്രദ്ധ പുലർത്തുക. ദൈവത്തിനായി അൽപ്പസമയം ചെലവഴിക്കുകയും അവനിൽ അൽപ്പസമയം വിശ്രമിക്കുകയും ചെയ്യുക.''- 11-ാം നൂറ്റാണ്ടിലെ ബെനഡിക്ടൈൻ സന്യാസിയും വേദപാരംഗതനുമായ കാൻ്റർബറിയിലെ സെൻ്റ് അൻസലേമിന്റെ വാക്കുകള്‍ പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു.

വിഭൂതി തിരുക്കര്‍മ്മം നടന്ന സാന്താ സബീന ബസിലിക്ക റോമിലെ ഏറ്റവും പഴയ ബസിലിക്കകളിലൊന്നാണ്. അഞ്ചാം നൂറ്റാണ്ടിൽ സെൻ്റ് തോമസ് അക്വീനാസ് താമസിച്ചിരുന്ന റോമിലെ അവൻ്റൈൻ കുന്നിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. സെൻ്റ് അൻസലേം ബെനഡിക്‌ടൈൻ ആശ്രമത്തില്‍ നിന്ന് കർദ്ദിനാളുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സകല വിശുദ്ധരുടെയും ലുത്തീനിയ ചൊല്ലി പ്രദിക്ഷണമായാണ് വിഭൂതി തിരുക്കര്‍മ്മം ആരംഭിച്ചത്. വീൽചെയർ ഉപയോഗിക്കുന്ന മാർപാപ്പ, നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഇത്തവണത്തെ പ്രദിക്ഷണത്തില്‍ പങ്കെടുത്തിരിന്നില്ല.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »