Faith And Reason - 2024

ജേഴ്സിയില്‍ ബൈബിൾ വചനം പ്രദർശിപ്പിച്ച് ക്രിസ്തീയ സാക്ഷ്യവുമായി പ്രീമിയർ ലീഗ് താരം

പ്രവാചകശബ്ദം 21-02-2024 - Wednesday

നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേട്ടത്തിന് പിന്നാലെ ജേഴ്സിയിലെ ക്രിസ്തീയ വിശ്വാസവും ബൈബിൾ വചനവും ടെലവിഷൻ കാമറകൾക്കും, കാണികൾക്കും മുന്നിൽ പ്രദർശിപ്പിച്ച് പ്രീമിയർ ലീഗ് താരത്തിന്റെ സാക്ഷ്യം. തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീമിന്റെ താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുക്കൊണ്ട് നടത്തിയ സമർപ്പണം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടുകയാണ്. ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോൾ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.



''എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയർത്തിയിരിക്കുന്നു." ഇതോടൊപ്പം സഭാപ്രസംഗകന്റെ പുസ്തകം പന്ത്രണ്ടാം അധ്യായം പതിമൂന്നാം വാക്യവും അവോനിയി ജേഴ്സിയില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. വചനത്തില്‍ ഇങ്ങനെ പറയുന്നു, " ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.." മത്സരത്തിൽ രണ്ട് ഗോളുകൾക്കാണ് ഫോറസ്റ്റ് ടീം വിജയിച്ചത്. ചെറുപ്പത്തിൽ താരം ഏറെ പിന്തുണച്ചിരുന്ന പ്രമുഖ ക്ലബ്ബായ ആർസണലിനെ ഇക്കഴിഞ്ഞ ജനുവരിയില്‍ തോൽപ്പിച്ചിരിന്നു. ശേഷം ജേഴ്സിയിൽ പ്രദർശിപ്പിച്ച ബൈബിൾ വചനം തന്നെയാണ് ദൈവത്തോടുള്ള നന്ദി സൂചകമായി തൈവോ അവോനിയി ഇത്തവണ കുറിച്ചത്.



കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ ടീമായ നൈജീരിയയ്ക്ക് വേണ്ടി ഗോളടിച്ചതിനുശേഷം കുരിശ് അടയാളമുള്ള ഷിൻപാഡ് താരം കൈകളിൽ ഉയർത്തി പ്രദർശിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന വിവിധ മത്സരങ്ങളില്‍ താരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്നത് സമീപകാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടം പ്രശസ്തമായ ലുജാൻ മരിയന്‍ ബസിലിക്ക ദേവാലയത്തിൽ സമര്‍പ്പണം നടത്താന്‍ ടീം മൊത്തമായി എത്തിയത് നേരത്തെ ചര്‍ച്ചയായിരിന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »