News
ദിവ്യബലിയ്ക്കിടെ ചെറുമകന്റെ മരണവാര്‍ത്ത, കണ്ണീരോടെ അൾത്താരയിലെത്തിയ വൃദ്ധനെ ചേര്‍ത്തുപിടിച്ച് വൈദികന്‍; വീഡിയോ വൈറല്‍
പ്രവാചകശബ്ദം 27-01-2026 - Tuesday
സാവോപ്പോളോ: ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേര്‍ത്തുപിടിച്ച വൈദികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാൻസിസ് അസീസ്സി ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്കിടെയുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികന്‍ കരഞ്ഞുക്കൊണ്ട് അള്‍ത്താരയിലേക്ക് പ്രവേശിച്ചത്.
പള്ളിയിൽ വിശുദ്ധ കുർബാനയുടെ വിതരണത്തിനും മറ്റും സഹായിച്ചുക്കൊണ്ടിരിന്ന ശുശ്രൂഷകനായിരുന്ന മാർക്കോസായിരിന്നു അത്. ഇതിന് പിന്നാലെ ഫാ. കാർലോസ് ഹെൻറിക് ഫെർണാണ്ടസ് വയോധികനേ ചേര്‍ത്തുപിടിച്ചു സാന്ത്വനം പകരുകയായിരിന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ അദ്ദേഹത്തിനെ ഒരു ബന്ധു വിളിക്കുകയായിരിന്നുവെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം വളരെ ദുഃഖത്തോടെയാണ് ദേവാലയത്തിലേക്ക് പ്രവേശിച്ചതെന്നും ഇടവകക്കാര്‍ വെളിപ്പെടുത്തി. ചെറുമകന്‍ മരണപ്പെട്ട വിവരമായിരിന്നു ആ ഫോണ്‍ കോളിലുണ്ടായിരിന്നത്.
നെഞ്ചുപൊട്ടിയ ആ ദുഃഖഭാരത്തോടെ അള്‍ത്താരയിലേക്ക് പ്രവേശിച്ചപ്പോഴും അദ്ദേഹത്തിന്റെ കരച്ചിലിന് കാരണം തനിക്ക് അറിയില്ലായിരിന്നുവെന്ന് ഫാ. കാർലോസ് പറയുന്നു. ഞാൻ ദിവ്യകാരുണ്യ പ്രാർത്ഥന അവസാനിപ്പിക്കുമ്പോൾ അദ്ദേഹം വരുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ വിറച്ചു വിറച്ചാണ് വന്നത്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുമെന്ന് പോലും ഭയപ്പെട്ട സാഹചര്യമാണ് ഉണ്ടായിരിന്നതെന്നും ഫാ. ഫെർണാണ്ടസ് മാധ്യമങ്ങളോട് പറഞ്ഞു.
മാർക്കോസിനെ ദീർഘനേരം കെട്ടിപ്പിടിച്ചുവെങ്കിലും ആ മനുഷ്യൻ കരഞ്ഞുകൊണ്ടിരിക്കുകയായിരിന്നുവെന്നും പിന്നീട് ഏതാനും വിശ്വാസികളെത്തിയാണ് അദ്ദേഹത്തെ മുറിയിലേക്ക് കൊണ്ടുപോയതെന്നും ഫാ. കാർലോസ് വെളിപ്പെടുത്തി. അദൃശ്യനായ ദൈവത്തെ സ്നേഹിക്കുകയും എന്നാൽ നമ്മുടെ കൺമുന്നിലുള്ളവരെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണെന്ന ചിന്തയുള്ളതിനാലാണ് മാര്‍ക്കോയെ കാരണം അറിയാതെ തന്നെ ചേര്‍ത്തുപിടിച്ചതെന്നും വൈദികന്‍ പറയുന്നു. ആദ്യം ബ്രസീലിൽ വൈറലായി മാറിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും തരംഗമായി മാറുകയായിരിന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എക്സിലുമായി ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















