News - 2024
വ്യാജ മതനിന്ദ ആരോപണം: തടവിലാക്കിയ വയോധികനായ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു മോചനം
പ്രവാചകശബ്ദം 22-02-2024 - Thursday
ലാഹോർ: കുപ്രസിദ്ധമായ മതനിന്ദ നിയമം നിലനില്‍ക്കുന്ന പാക്കിസ്ഥാനിൽ വ്യാജ പരാതിയെ തുടര്‍ന്നുണ്ടായ കേസില്‍ അകപ്പെട്ട് തടവിലാക്കിയ വയോധികനായ ക്രൈസ്തവ വിശ്വാസിയ്ക്കു മോചനം. ഭഗത് എന്നറിയപ്പെടുന്ന യൂനിസ് ഭാട്ടിയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിലെ 211-ആർബി ഗ്രാമത്തിൽ താമസിക്കുന്ന യൂനിസ്, ഖുറാനെ അവഹേളിച്ചുവെന്നായിരിന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്ന് പരാതിക്കാരി കോടതിയില്‍ സമ്മതിച്ചതോടെയാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. താന്‍ ഖുറാൻ വായിക്കുമ്പോൾ തൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നുകയറി, തന്നെ ആക്രമിക്കുകയും ഇസ്ലാമിക ഗ്രന്ഥം കീറുകയുമായിരിന്നുവെന്നാണ് സോസൻ ഫാത്തിമ എന്ന സ്ത്രീ പരാതിപ്പെട്ടിരിന്നത്.
നേരത്തെ യൂനിസ് ഭാട്ടി തൻ്റെ ഭൂമിയിൽ ഫാത്തിമയ്ക്ക് സൗജന്യ ഭവനം ഒരുക്കിയിരിന്നു. മറ്റൊരു ക്രിസ്ത്യൻ കുടുംബത്തിന് വീട് നല്‍കാനുള്ള തീരുമാനമാണ് സ്ത്രീയെ വ്യാജ കേസിലേക്ക് നയിക്കുവാന്‍ കാരണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രദേശത്തെ ക്രൈസ്തവരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമം നടത്തിയിരിന്നു. ചോദ്യം ചെയ്യലില്‍ ഫാത്തിമ പൊട്ടിക്കരഞ്ഞുവെന്നും തനിയ്ക്കെതിരെ വ്യാജ കേസ് ചമച്ചതാണെന്നു തുറന്നു പറയുകയായിരിന്നുവെന്നും ഭാട്ടി, ക്രിസ്ത്യന്‍ മാധ്യമമായ മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.
ഇതിനിടെ മതനിന്ദ ആരോപണം ഉയർന്നതിന് ശേഷം, മസ്ജിദ് ഉച്ചഭാഷിണികളില്‍ വിഷയം അവതരിപ്പിക്കപ്പെട്ടു. പിന്നാലേ അഞ്ഞൂറിലധികം മുസ്ലീങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നുവെന്നും ഇതേ തുടര്‍ന്നു പ്രദേശത്തെ നിരവധി ക്രൈസ്തവര്‍ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്വെന്നും റിപ്പോര്‍ട്ടുണ്ട്. അപകടകരമായ ആരോപണത്തിൽ നിന്ന് തന്നെ രക്ഷിച്ച ദൈവത്തോട് നന്ദി പറയുകയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കു അതേ കുറ്റങ്ങൾ ചുമത്തപ്പെട്ടുവെന്നും ദൈവത്തില്‍ പൂർണമായി വിശ്വസിക്കുമ്പോൾ ദൈവം പ്രവർത്തിക്കുന്നത് ഇങ്ങനെയാണെന്നും യൂനിസ് ഭാട്ടി പറഞ്ഞു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ കുടുക്കാന്‍ വ്യാജ മതനിന്ദ കേസുകള്‍ ആരോപിക്കുന്നത് പതിവ് സംഭവമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂനിസ് ഭാട്ടിയ്ക്കു നേരെയുള്ള കേസ്.