News - 2024
യേശുവിന്റെ ഉൾപ്പെടെ നൂറോളം തിരുശേഷിപ്പുകൾ അമേരിക്കന്‍ ദേവാലയത്തിൽ പ്രദർശനത്തിന്
പ്രവാചകശബ്ദം 22-02-2024 - Thursday
ന്യൂജേഴ്സി: യേശുവിന്റേയും, തിരുകുടുംബത്തിന്റെയും അടക്കമുള്ള നൂറോളം തിരുശേഷിപ്പുകൾ അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്ത് പ്രദർശനത്തിന് എത്തിക്കുന്നു. മൗണ്ട്ക്ലയറിലെ അവർ ലേഡി ഓഫ് മൗണ്ട് കാർമൽ ഒറേറ്ററി ഇടവക ദേവാലയത്തിൽ ഫെബ്രുവരി 24ന് നടക്കുന്ന പ്രദർശനത്തിലേക്ക് ആയിരങ്ങള്‍ കടന്നുവരുമെന്നാണ് സൂചന. വിശുദ്ധ കുരിശിൻറെ ഒരു ഭാഗം, മുൾക്കിരീടത്തിന്റെ ഭാഗം, തിരുകല്ലറയുടെ ഭാഗം, യേശുവിനെ ചേർത്ത് നിർത്തി ചമ്മട്ടി കൊണ്ട് അടിച്ച തൂണിന്റെ ഭാഗം തുടങ്ങിയവ പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ഉൾപ്പെടുന്നു.
വിശുദ്ധ പാദ്രേ പിയോയുടെ പഞ്ചക്ഷത സമയത്തെ രക്തം, അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ എന്നിവയും പ്രദർശനത്തിൽ ഇടം നേടും. മൂന്നു വിഭാഗങ്ങളായിട്ടായിരിക്കും പ്രദർശനം നടക്കുക. ഒന്നാമത്തെ വിഭാഗത്തിൽ ക്രിസ്തുവിൻറെ ജനനസമയത്തെ തിരുശേഷിപ്പുകൾ ആയിരിക്കും സജ്ജീകരിക്കുക. രണ്ടാമത്തെ വിഭാഗത്തിൽ ക്രിസ്തുവിന്റെ മരണസമയത്തെ തിരുശേഷിപ്പുകളും മൂന്നാമത്തെ വിഭാഗത്തിൽ മറ്റ് തിരുശേഷിപ്പുകളായിരിക്കും പ്രദർശിപ്പിക്കുകയെന്നു അധികൃതര്‍ അറിയിച്ചു. ഇത്രയും വിലപ്പെട്ട തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കാൻ സാധിക്കുന്നത് തങ്ങളുടെ ഇടവക ദേവാലയത്തെ സംബന്ധിച്ചിടത്തോളം വലിയ ആഹ്ളാദത്തിന്റെ സമയമാണെന്ന് ഇടവക ദേവാലയത്തിന്റെ റെക്ടർ ഫാ. ജിയോണ്ടോമിനിക്കോ ഫ്ലോറ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
പ്രാർത്ഥിക്കാനും, പ്രത്യേക കൃപകൾ ആവശ്യപ്പെടാനും തിരുശേഷിപ്പുകൾ അവസരം തരുന്നതിനാൽ ഇടവക ദേവാലയത്തെ സംബന്ധിച്ചും, സന്ദർശനം നടത്താൻ ഇരിക്കുന്ന ആളുകളെ സംബന്ധിച്ചും അതൊരു അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിശ്വാസികൾക്ക് ദൈവത്തോട് അടുക്കാനും, നോമ്പ് കാലത്തിൻറെ ആരംഭത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാനും തിരുശേഷിപ്പുകൾ സഹായകരമാകുമെന്നു ഇൻറർനാഷണൽ ക്രൂസേയ്ഡ് ഫോർ ഹോളി റിലിക്സ് എന്ന സംഘടനയുടെ അമേരിക്കയിലെ പ്രതിനിധി ജോയി സാന്റോരോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.