Life In Christ

ഭര്‍ത്താവിന്റെ ആഴമേറിയ ക്രിസ്തു വിശ്വാസവും രോഗവും വഴികാട്ടിയായി: ജങ്കോ മാമോദീസ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍

പ്രവാചകശബ്ദം 22-02-2024 - Thursday

ടോക്കിയോ: യേശുവിലുള്ള വിശ്വാസത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു ജീവിതം നയിച്ച ജപ്പാന്‍ സ്വദേശിയായ ജങ്കോ കുസാനാഗി എന്ന യുവതിയുടെ യുടെ മാനസാന്തരത്തിന്റെ ജീവിതകഥ മാധ്യമ ശ്രദ്ധ നേടുന്നു. നാല് പതിറ്റാണ്ട് നീണ്ട ജീവിതം. കുടുംബത്തെ ഒത്തിരി സ്നേഹിക്കുന്നുണ്ടെങ്കിലും കത്തോലിക്ക വിശ്വാസത്തോട് യാതൊരു മമതയുമില്ലാതെ മുന്നോട്ടുപോയ കഴിഞ്ഞകാലം. നാല്‍പ്പത്തിയൊന്‍പതുകാരിയായ ജങ്കോ കുസാനാഗിയുടെ ജീവിതം ഇപ്രകാരമായിരിന്നു. ടോക്കിയോയിൽ തൻ്റെ കത്തോലിക്ക വിശ്വാസിയായ ഭർത്താവ്, മകൻ എന്നിവരോടൊപ്പമാണ് തന്റെ ജീവിതം അവള്‍ മുന്നോട്ടുകൊണ്ടുപോയി കൊണ്ടിരിന്നത്.

ചെറുപ്പക്കാലത്ത് കത്തോലിക്ക ഹൈസ്‌കൂളിലും യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടുണ്ടെങ്കിലും അക്കാലത്ത് വിശ്വാസത്തിലേക്ക് നയിച്ച അനുഭവം തനിക്കുണ്ടായിരുന്നില്ലെന്ന് ജങ്കോ പറയുന്നു. സമയം കടന്നുപോയി. വിവാഹം കഴിക്കാൻ തയ്യാറെടുക്കുമ്പോൾ, താനൊരു കത്തോലിക്കനാണെന്ന് ഭാവി പങ്കാളി പറഞ്ഞെങ്കിലും അതില്‍ വലിയ പ്രാധാന്യം ജങ്കോ കല്‍പ്പിച്ചില്ല. 39-ാം വയസ്സിൽ ദമ്പതികള്‍ക്കു ഒരു മകന്‍ ജനിച്ചു. “എനിക്ക് കുഞ്ഞിനെ ജ്ഞാനസ്നാനം നല്‍കണമെന്ന്" ഭർത്താവ് പറഞ്ഞപ്പോൾ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ജങ്കോയ്ക്കു കഴിഞ്ഞില്ല.

അതുകൊണ്ട് അവൾ തൻ്റെ ഭർത്താവിൻ്റെ സഹോദരിയോട്, “ശിശു സ്നാനത്തെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” എന്ന് ചോദിച്ചു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ജ്ഞാനസ്നാനം സ്വീകരിച്ചത് കൊണ്ട് ചെറുപ്പം മുതലേ, “ദൈവം എപ്പോഴും കൂടെയുണ്ട്” എന്ന ശക്തമായ അനുഭവമുണ്ടായിരിന്നു എന്നായിരിന്നു മറുപടി. ഒടുവില്‍ മകൻ്റെ ജ്ഞാനസ്നാനത്തിന് സമ്മതിക്കാൻ അവള്‍ തയ്യാറായി.

2022 ഒക്‌ടോബർ വരെ അവളുടെ ജീവിതം വിശ്വാസമില്ലാതെ തന്നെ മുന്നോട്ടുപോയി. ഒരു ദിവസം അവളുടെ ഭർത്താവ് ടെലിഫോണിൽ വിളിച്ച് പറഞ്ഞു, "എനിക്ക് കാൻസറാണ്. പാൻക്രിയാറ്റിക് കാൻസർ". ജങ്കോ ഞെട്ടിപ്പോയി. ഉത്കണ്ഠാകുലയായ അവൾ പരിഭ്രാന്തയായി. താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരിന്നു ആ ഫോണ്‍ കോളെന്നു അവള്‍ പറയുന്നു. മറുവശത്ത്, രോഗനിർണയത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അവളുടെ ഭർത്താവ് ഒരിക്കലും ഉത്കണ്ഠയുടെതായി യാതൊരു ലക്ഷണങ്ങളൊന്നും കാണിച്ചിരിന്നില്ല. അവൻ ശാന്തനായി തന്നെ തുടര്‍ന്നു.

ഇത് അവളെ അമ്പരിപ്പിച്ചു. "എന്താണ് നിങ്ങൾ ശാന്തനായിരിക്കുന്നത്?"- ജങ്കോയുടെ ഈ ചോദ്യത്തിനും ഭര്‍ത്താവ് ശാന്തമായി തന്നെയാണ് മറുപടി നല്‍കിയത്. “കുഴപ്പമില്ല. ദൈവം എപ്പോഴും കൂടെയുണ്ട്". അവൾ അത്ഭുതപ്പെട്ടു, "ക്രിസ്തു വിശ്വാസം ഇത്ര ശക്തമാണോ?". അസുഖം വരുന്നതുവരെ ജങ്കോ തൻ്റെ ഭർത്താവിനെ ദയയുള്ള, സാധാരണക്കാരൻ എന്ന ചിന്തയില്‍ മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ ചെറുപ്പം മുതലുള്ള ഭര്‍ത്താവിന്റെ ക്രിസ്തു വിശ്വാസം അവനെ ഒത്തിരി മാനസികമായി ശക്തിപ്പെടുത്തുന്നുണ്ടെന്ന് അവൾ മനസ്സിലാക്കി. അത്ര ധൈര്യവും പ്രത്യാശയുമാണ് അദ്ദേഹം പ്രകടിപ്പിച്ചിരിന്നത്.

“തന്റെ ജീവിത പങ്കാളിക്ക് കാൻസറുമായി ദീർഘകാലം ബന്ധമുണ്ടാകും. എനിക്ക് എൻ്റെ ഭർത്താവിനോടൊപ്പം നടക്കണം, അവൻ പോകുന്ന അതേ ദിശയിൽ തനിക്കും പോകണം” - ഈ ചിന്ത ജുങ്കോയില്‍ ശക്തമായി. അതിനാൽ താൻ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അവൾ അവനോട് പറഞ്ഞു. “ഉത്കണ്ഠാകുലയായ ഭാര്യ ജ്ഞാനസ്നാനം സ്വീകരിക്കുന്നതോടെ അവളുടെ ഹൃദയം ദൈവത്തിൽ ഭരമേല്പിച്ചാൽ അവൾക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും" എന്ന് ഭർത്താവ് ചിന്തിച്ചിരിക്കാമെന്നും അവൾക്കു തോന്നി. അവളുടെ തീരുമാനം ഭര്‍ത്താവിനെ ഒരേസമയം ഞെട്ടിപ്പിക്കുകയും അതേസമയം വലിയ സന്തോഷം പകരുകയും ചെയ്തു.

ഈ മാനസാന്തരം കണ്ട് “എനിക്ക് അസുഖം വന്നതിൽ സന്തോഷമുണ്ട്” എന്നുപോലും അദ്ദേഹം പറഞ്ഞുവെന്ന് ജങ്കോ സാക്ഷ്യപ്പെടുത്തുന്നു. അത്രയ്ക്കു ദൃഢമായിരിന്നു അദ്ദേഹത്തിന്റെ ഉള്ളിലെ കത്തോലിക്ക വിശ്വാസം. തീരുമാനമെടുത്തയുടനെ, ജങ്കോ, സെക്കിമാച്ചി പള്ളിയുമായി ബന്ധപ്പെട്ടു. ജ്ഞാനസ്നാനത്തിന് ഒരുക്കമായി ആമുഖ കോഴ്‌സ് ഉടനെ ഉണ്ടെന്ന് അവള്‍ മനസിലാക്കി. ടോക്കിയോ അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ഒരു മതബോധന പരിപാടിയായിരിന്നു അത്. പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഓരോ സെഷനിലും യേശുവിനെ കുറിച്ചുള്ള വിവിധ ധ്യാനാത്മക ചിന്തകള്‍ പങ്കുവെയ്കയാണെന്ന് ജുങ്കോ പറയുന്നു.

ജങ്കോയുടെ ആമുഖ പാഠ്യപദ്ധതി ജനുവരിയിൽ പൂർത്തിയായി. ഇന്ന് പള്ളിയിലെ വിവിധ കാര്യങ്ങളില്‍ താന്‍ ഏറെ വ്യാപൃതയാണെന്ന് അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "ഇന്ന് എന്റെ ജീവിതത്തിന്റെ പൂര്‍ണ്ണ പിന്തുണ യേശുവും പള്ളിയും വൈദികരും അല്മായരുമാണ്. ഇടവകയിൽ, തന്നോടു എപ്പോഴും സംസാരിക്കാൻ ഒരാളുണ്ട്. രോഗിയായ ഭർത്താവിന്റെ കാര്യങ്ങള്‍ ചോദിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരാൾ. ഞാൻ പള്ളിയിൽ വരാൻ തുടങ്ങുന്നതുവരെ- 'ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു' എന്ന വാക്കുകൾ ഇത്ര ആശ്വാസകരമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല". ഇപ്പോള്‍ താന്‍ അത് മനസിലാക്കുകയാണെന്നും ജങ്കോ പറയുന്നു.

പ്രധാന ദൂതനായ റാഫേലിൻ്റെ പേരാണ് ജങ്കോ തൻ്റെ ജ്ഞാനസ്നാന നാമമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭര്‍ത്താവിന്റെ ആഴമേറിയ വിശ്വാസം കണ്ട് മാനസാന്തരപ്പെട്ട ജങ്കോ മാർച്ച് 30ന് സെക്കിമാച്ചി പള്ളിയിൽ നടക്കുന്ന ഈസ്റ്റർ വിജിലിൽ മാമോദീസ സ്വീകരിക്കും.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 90