Life In Christ - 2024

ഈശോയുടെ തിരുഹൃദയമാണ് ജൂണിന്റെ യഥാര്‍ത്ഥ അഭിമാനം: ഓര്‍മ്മപ്പെടുത്തലുമായി പെറുവില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍

പ്രവാചകശബ്ദം 19-06-2023 - Monday

ലിമാ, പെറു: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ജൂണ്‍ 16-ന് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിച്ചപ്പോള്‍ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ ലിമായില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ വേറിട്ടതായി. 'ജൂണിലെ യഥാര്‍ത്ഥ അഭിമാനം ഈശോയുടെ തിരുഹൃദയമാണ്' എന്നെഴുതിയ കൂറ്റന്‍ പാനലുകള്‍ ശ്രദ്ധ നേടുകയാണ്. ദി സാന്റോ തോമസ് മോറോ ലീഗല്‍ സെന്ററും, ലാ അബേജ കാത്തലിക് പോര്‍ട്ടലുമാണ് പരസ്യ പാനല്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ജൂണ്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ മാസമാണെന്ന് വരുത്തിതീര്‍ക്കുവാന്‍ വിവിധ സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും നടത്തിവരുന്ന ശ്രമങ്ങളോടുള്ള കത്തോലിക്കരുടെ പ്രതികരണമാണ് ഈ പാനല്‍ പ്രചാരണമെന്നു സംഘാടകര്‍ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു.

സാന്‍ ജുവാന്‍ ഡെ ലൂറിഗാഞ്ചോ, അറ്റെ, സാന്റിയാഗോ ഡെ സുര്‍ക്കോ, ലാ വിക്ടോറിയ തുടങ്ങി ലിമായിലെ വിവിധ ജില്ലകളിലും, പാസിയോ ഡെ ലാ റിപ്പബ്ലിക്കാ അവന്യു, ജാവിയര്‍ പ്രാഡോ അവെന്യു തുടങ്ങിയ തിരക്കേറിയ റോഡുകളിലും തിരുഹൃദയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ ഈശോയുടെ തിരുഹൃദയത്തിന്റെ മാസമാണ് എന്ന വാചകവും എല്ലാ ബോര്‍ഡുകളിലും എഴുതിയിട്ടുണ്ട്. സംരംഭത്തിന് ആയിരകണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിക്കുന്നതെന്നു സംഘാടകരുടെ കുറിപ്പില്‍ പറയുന്നു. ഇതിനിടെ സ്വവര്‍ഗ്ഗാനുരാഗികളുടെ ഗ്രൂപ്പില്‍ നിന്നു അധിക്ഷേപ കുറിപ്പുകളും ലഭിക്കുന്നുണ്ട്.

പെറുവിന്റെ കത്തോലിക്ക വ്യക്തിത്വം സംരക്ഷിക്കുക, തിരുഹൃദയ ഭക്തി പുനഃരാരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു ലാ അബേജ പോര്‍ട്ടലിന്റെ ഡയറക്ടറായ ലൂസിയാനോ റെവോറെഡോ പറഞ്ഞു. “ക്രിസ്തുവിന്റെ സന്ദേശം പാലിക്കുവാനും, പഠിപ്പിക്കുവാനും അത്മായര്‍ എന്ന നിലയില്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും തിരുഹൃദയ ചിത്രത്തിലെ ദൈവ കരുണയേക്കുറിച്ച് ആളുകളോട് പറയുന്നതിലും മേന്‍മയായി മറ്റൊന്നുമില്ലായെന്നും സാന്റോ തോമസ് മോറോ ലീഗല്‍ സെന്ററിന്റെ ഡയറക്ടറായ ആല്‍ബെര്‍ട്ടോ ഗോണ്‍സാലസ് പറഞ്ഞു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പെറു.


Related Articles »