News

ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ ബിഷപ്പ്

പ്രവാചകശബ്ദം 04-03-2024 - Monday

വിനോണ: ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാന്‍ഡ് പാരന്റ്ഹുഡിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും അമേരിക്കന്‍ ബിഷപ്പുമായ റോബർട്ട് ബാരൻ. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനായി ഹൃദയങ്ങളുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കുവാനാണ് തങ്ങളുടെ ശ്രമമെന്ന് ബിഷപ്പ് പറഞ്ഞു. റോച്ചസ്റ്റർ ഏരിയയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡിന് മുന്നിലാണ് ബിഷപ്പ് നിരവധി പേരോടൊപ്പം പ്രാര്‍ത്ഥിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനും മരണത്തിൻ്റെ സംസ്കാരത്തിനെതിരായ പ്രതിഷേധത്തിൽ ഉറച്ചുനിൽക്കുന്നതിനും ഹൃദയങ്ങളുടെ പരിവർത്തനത്തിനായി നാം തുടർന്നും പ്രാർത്ഥിക്കണമെന്നും വിനോണ-റോച്ചസ്റ്റർ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് പറഞ്ഞു.

റോച്ചസ്റ്ററിലെ 40 ഡേയ്സ് ഫോര്‍ ലൈഫ് പ്രോലൈഫ് ക്യാംപെയിനിന്റെ ഭാഗമായാണ് വിനോനയില്‍ നിന്നുള്ള ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സെമിനാരി വിദ്യാര്‍ത്ഥികളോടൊപ്പം ബിഷപ്പ് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നതെന്ന് രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പീറ്റർ മാർട്ടിൻ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ബിഷപ്പും സെമിനാരി വിദ്യാര്‍ത്ഥികളും ഭ്രൂണഹത്യ അവസാനിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ ഓരോ വർഷവും വന്നുചേരുന്നുണ്ടെന്നും പങ്കെടുക്കുന്നവർ ഗർഭസ്ഥ ശിശുക്കളുടെയും അവരുടെ അമ്മമാരുടെയും ജീവിതത്തിനായാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം പ്രോലൈഫ് പ്രവര്‍ത്തകരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. പരിപാടിയുടെ ഫോട്ടോകൾ ബിഷപ്പ് ബാരണ്‍ തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ക്രിസ്തുസന്ദേശം പ്രചരിപ്പിക്കുവാന്‍ ബിഷപ്പ് നേരത്തെ ആരംഭിച്ച ‘വേഡ് ഓൺ ഫയർ’ ആഗോള തലത്തില്‍ പതിനായിരങ്ങളെയാണ് സ്വാധീനിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി വാദിക്കാനും ഭ്രൂണഹത്യയ്ക്കെതിരെ നിരന്തരം സംസാരിക്കാനും തൻ്റെ വലിയ വേദിയായി ‘വേഡ് ഓൺ ഫയർ’ പോഡ്കാസ്റ്റുകളെ അദ്ദേഹം ഉപയോഗിച്ചിരിന്നു.


Related Articles »