News - 2024
ഈസ്റ്ററിന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ മലേഷ്യയിൽ തയാറെടുക്കുന്നത് 1700 പേര്‍
പ്രവാചകശബ്ദം 14-03-2024 - Thursday
ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. സമീപ വർഷങ്ങളിൽ, മലേഷ്യയിലെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ കടന്നുവരുന്ന മുതിർന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ ഉയിർപ്പു ഞായർ ദിനത്തിൽ ആയിരത്തിയെഴുനൂറിലധികം മുതിർന്നവരാണ് മാമ്മോദീസ സ്വീകരിക്കുവാൻ തയാറെടുക്കുന്നത്. മലേഷ്യൻ കത്തോലിക്ക സഭയുടെ വളർച്ചയാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
ഇതിനു മുന്നോടിയായി നടക്കുന്ന റൈറ്റ് ഓഫ് ഇലക്ഷൻ എന്ന ചടങ്ങിൽ പങ്കെടുക്കാനായി ക്വാലാലംപൂർ അതിരൂപതയിലെ തിരുഹൃദയ ദേവാലയത്തിൽ ഏകദേശം 547 അർത്ഥികള്‍ കഴിഞ്ഞദിവസം മതബോധന അധ്യാപകരോടും ജ്ഞാനസ്നാന മാതാപിതാക്കളോടും ഒപ്പം ഒരുമിച്ച് കൂടിയിരിന്നു. കോട്ട കിനാബാലു അതിരൂപതയിലും ഇപ്രകാരം സമ്മേളനം നടത്തപ്പെട്ടു. 941 അർത്ഥികൾ അതിൽ പങ്കെടുത്തു. മാമ്മോദീസായെന്നത് ജീവിതത്തിന്റെ സ്വീകരണമാണെന്നു യേശുവിനോട് ചേർന്ന് നില്‍ക്കുവാനുള്ള വിളിയാണതെന്നും ആർച്ച് ബിഷപ്പ് ജോൺ വോങ് പറഞ്ഞു.
2023-ല്‍ മലേഷ്യയില്‍ ആയിരത്തിഅറുനൂറിലധികം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. മലേഷ്യയിലെ 23 ദശലക്ഷം ജനസംഖ്യയിൽ 60.4% മുസ്ലീങ്ങളും 9.1% ക്രിസ്ത്യാനികളുമാണ്. പെനിൻസുലാർ മലേഷ്യയിലും ബോർണിയോ ദ്വീപ് മേഖലയിലുമായി ഒമ്പത് രൂപതകളിലായി ഏകദേശം 11 ലക്ഷത്തിലധികം കത്തോലിക്കരാണുള്ളത്. രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും താമസിക്കുന്നത് കിഴക്കൻ മലേഷ്യയിലാണ്.