News - 2024
ഈജിപ്റ്റിലെ ക്രൈസ്തവര്‍ വിവേകവും രാജ്യസ്‌നേഹവുമുള്ള പൗരന്‍മാരാണെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി
സ്വന്തം ലേഖകന്‍ 20-08-2016 - Saturday
കെയ്‌റോ: വിവേകവും രാജ്യസ്‌നേഹവുമുള്ള പൗരന്‍മാരാണ് ഈജിപ്റ്റിലെ ക്രൈസ്തവ സമൂഹമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രീയാര്‍ക്കീസായ തവാദ്‌റോസ് രണ്ടാമനേയും സഭയിലെ മറ്റു ബിഷപ്പുമാരേയും തന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു സംസാരിക്കുമ്പോഴാണ് ഈജിപ്റ്റിലെ ക്രൈസ്തവരുടെ സ്വഭാവ മഹത്വത്തെ പ്രസിഡന്റ് അല്‍ സിസി പുകഴ്ത്തിയത്. പീഡനങ്ങളുടെ നടുവിലും മാതൃകയുള്ള ജീവിതമാണ് ക്രൈസ്തവര്‍ നയിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
"തീവ്രവാദ നിലപാടുകളിലൂടെ രാജ്യത്തെ പല കഷ്ണങ്ങളായി വിഭജിക്കുവാന്‍ നോക്കുന്ന പലരും ക്രൈസ്തവരെ ദ്രോഹിക്കുന്നുണ്ട്. എന്നാല്‍, ഐക്യത്തോടെ നിന്ന് ഇവരെ എതിര്‍ക്കുവാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയുന്നുണ്ട്. കലാപങ്ങളും പ്രശ്‌നങ്ങളും ഇല്ലാതെ പ്രശ്‌നങ്ങളെ അവര്‍ സധൈര്യം അഭിമുഖീകരിക്കുന്നു. ക്രൈസ്തവര്‍ ജ്ഞാനവും വിവേകവുമുള്ള രാജ്യസ്‌നേഹികളാണ്". അല്‍ സിസി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈജിപ്റ്റില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തന്റെ പ്രതികരണം പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.
അതേ സമയം മിന്യ പ്രവിശ്യയില്‍ അധിവസിക്കുന്ന കോപ്റ്റിക് ക്രൈസ്തവര്‍ നേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. കെയ്‌റോ- അലക്‌സാഡ്രിയ ഹൈവേയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു കന്യാസ്ത്രീയെ ബുള്ളറ്റ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ അവസാനത്തെ ഉദാഹരണമാണ്. അക്രമാസക്തരായ മുസ്ലീം ജനകൂട്ടം മിന്യ പ്രവിശ്യയിലെ ക്രൈസ്തവരുടെ വീടുകള്‍ തീവച്ച പലസംഭവങ്ങളും ഇതിനു മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. മേയ് മാസം എഴുപതുകാരിയായ ക്രൈസ്തവയായ വൃദ്ധയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവവും മിന്യയില്‍ നടന്നിരുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക