News
ദിവ്യകാരുണ്യത്തെ സ്നേഹിക്കുന്നവർ ഇത് വായിക്കാൻ അല്പം നിമിഷം മാറ്റിവെയ്ക്കുക..!
Bro. Joe Ben Elohim 21-03-2024 - Thursday
ഒരുപക്ഷേ മെത്രാന്മാരും വൈദികരും ഡീക്കന്മാരും സമർപ്പിതരും വിശ്വാസികളും ഉൾപ്പെടെ നമ്മളിൽ പലരും ശുദ്ധീകരണ സ്ഥലത്തിൽ കൂടുതൽ കാലം കിടക്കാൻ കാരണമാകുന്ന കുറ്റം.!
മെൽഗിബ്‌സൻ സംവിധാനം ചെയ്ത 'ദി പാഷൻ ഓഫ് ക്രൈസ്റ്റ്' എന്ന സിനിമ എല്ലാവർക്കും സുപരിചിതമാണല്ലോ. നമ്മുടെ കർത്താവ് ഈശോ മിശിഹായുടെ അതിദാരുണമായ പീഡസഹനം, മരണം, ഉത്ഥാനം എന്നിവ അതിമനോഹരമായി ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതു മാത്രമല്ല ചില അടിസ്ഥാന മതബോധനവും ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു.
ഈ സിനിമയിൽ മനോഹരവും വികാരനിർഭരവുമായ ഒരു രംഗമുണ്ട്. പരിശുദ്ധ കന്യകാമറിയവും വിശുദ്ധ മറിയം മഗ്‌ലൈനായും, ഈശോയെ അതിക്രൂരമായി ചമ്മട്ടികൾ കൊണ്ട് അടിച്ച പീലാത്തോസിന്റെ കൽത്തളത്തിൽ തളംകെട്ടിക്കിടക്കുന്ന തിരുരക്തം ഒരു വെളുത്ത തൂവാല കൊണ്ട് തുടച്ചെടുക്കുന്നു.
ഈ രംഗം ഒരു മതബോധനമെന്ന നിലയിൽ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ രംഗം കാണുമ്പോൾ തന്റെ പുത്രന്റെ പീഠയിൽ ഏറെ വേദനിക്കുന്ന ഒരു അമ്മയുടെയും ഒരു നല്ല സുഹൃത്തിൻ്റെയും സാധാരണ പ്രവൃത്തിയാണെന്ന് ആദ്യ കാഴ്ചയിൽ നമുക്ക് തോന്നിയേക്കാം. എന്നാൽ ആ രംഗത്തിനുള്ളിൽ നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും എത്ര വിലപ്പെട്ടതാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു.
ഇക്കാലത്ത്, നമ്മിൽ പലരും മാരകമായ പാപത്തിൻ്റെ അവസ്ഥയിലാണ് പരിശുദ്ധ കുർബാന സ്വീകരിക്കുന്നത്. ഈശോയുടെ ശരീരമാണ് സ്വീകരിക്കുന്നത് എന്ന യഥാർത്ഥ ബോധ്യം നമുക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. എത്ര ലാഘവത്തോടെ കൂടിയാണ് പരിശുദ്ധ കുർബാനയെ നാം കൈകാര്യം ചെയ്യുന്നത്. അനുദിനം നടക്കുന്ന ഒരു സാധാരണ പ്രവർത്തി മാത്രമായി ദിവ്യകാരുണ്യ സ്വീകരണം മാറിയിരിക്കുന്നു.
അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുന്ന നമ്മിൽ നിന്ന് ഈശോയുടെ തിരുശരീരത്തിനും തിരുരക്തത്തിനും എതിരെ അറിയാതെ പോലും ഒരു അനാദരവ് സംഭവിക്കരുതെന്ന് ഈ രംഗം നമ്മെ അനുസ്മരിപ്പിക്കുന്നു. പരമ്പരാഗതമായി പരിശുദ്ധ കുർബാന വിതരണം ചെയ്യാൻ അനുവദിക്കപ്പെട്ടവർ ദിവ്യകാരുണ്യം നൽകുമ്പോൾ തങ്ങളുടെ കൈകളാൽ ഈശോയുടെ തിരുശരീരത്തിന്റെ ഒരു തരി പോലും നഷ്ടപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ദിവ്യകാരുണ്യ സ്വീകരണ സമയത്ത് പരിശുദ്ധ കുർബാനയിൽ നിന്ന് അടർന്നു വീഴുന്ന ഒരു തരിയിൽ പോലും ഈശോ പൂർണമായും കുടികൊള്ളുന്നു എന്ന ബോധ്യമാണ് ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതുതന്നെയാണ് ഇതുവരെ മാറ്റിയിട്ടില്ലാത്ത സഭയുടെ പരമ്പരാഗത പ്രബോധനവും. ഈശോയുടെ തിരുശരീരത്തിന്റെ ഒരു തരി പോലും നിലത്തുവീണു പോകാതിരിക്കാൻ പ്രത്യേക തിരുപാത്രങ്ങൾ തന്നെ പരമ്പരാഗതമായി നാം ഉപയോഗിച്ചു പോന്നിരുന്നു.
ഈ തിരുപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ദൈവാലയ ശുശ്രൂഷകർക്ക് പ്രത്യേക പരിശീലനം നൽകുന്ന പാരമ്പര്യവും നമുക്കുണ്ടായിരുന്നു. അങ്ങനെ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് നിലത്ത് വീണുപോയേക്കാവുന്ന പരിശുദ്ധ കുർബാനയിലെ ചെറു തരികൾ പോലും സംരക്ഷിക്കപ്പെട്ടിരുന്നു. ദിവ്യകാരുണ്യ വിതരണ സമയത്ത് അറിയാതെ നിലത്തുവീണു പോകുന്ന ദിവ്യകാരുണ്യം അതിപൂജ്യമായി അടക്കം ചെയ്യുകയും, പരിശുദ്ധ കുർബാന വീണ തറയിലെ ആ ഭാഗത്തെ പരിശുദ്ധ കുർബാനയുടെ ചെറുതരികൾ വളരെ സൂക്ഷ്മതയോടെ തുടച്ചെടുക്കുകയും, ആ ഭാഗം മറ്റാരും ചവിട്ടാതിരിക്കാൻ തിരുശീല കൊണ്ട് മൂടിയിടുകയും ചെയ്യുന്ന വിശുദ്ധ പാരമ്പര്യവും നമുക്കുണ്ടായിരുന്നു. ഇതെല്ലാം പരിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവ സാന്നിധ്യത്തെ കൂടുതൽ ശ്രദ്ധാപൂർവ്വം തിരിച്ചറിയാൻ നമ്മെ സഹായിച്ചിരുന്നു.
എന്നാൽ ഈ കാലഘട്ടങ്ങളിൽ ഈ പാരമ്പര്യങ്ങൾ എവിടെയൊക്കെയോ കൈമോശം വന്നുകൊണ്ടിരിക്കുന്നു എന്നത് വേദനാജനകമായ യാഥാർത്ഥ്യമാണ്. പരിശുദ്ധ കുർബാനയിൽ കുടികൊള്ളുന്ന ഈശോയുടെ സജീവ സാന്നിധ്യത്തെ കുറിച്ചുള്ള യഥാർത്ഥ അവബോധം നഷ്ടപ്പെട്ടു തുടങ്ങിയത് കൊണ്ടാണോ, ഇത്ര ലാഘവത്തോടെ ദിവ്യ കാരുണ്യത്തെ കൈകാര്യം ചെയ്യുന്നത് എന്ന് സംശയിച്ചു പോകുന്നു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഒരു പുരോഹിതനായിരുന്നില്ല. അദ്ദേഹം മരിക്കുന്നത് വരെ നിത്യ ഡീക്കനായി തുടർന്നു. മാർപാപ്പയുടെ നിർദ്ദേശപ്രകാരം കർദിനാൾമാരുടെ തലവൻ തന്നെ അദ്ദേഹത്തോട് പൗരോഹിത്യം സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ എളിമയോടെ അത് നിരസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: "തിരുപ്പട്ടം സ്വീകരിച്ചാൽ അനുദിനം പരിശുദ്ധ ബലിയർപ്പണത്തിൽ ഈശോയുടെ തിരു ശരീരരക്തങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും. ഈശോയുടെ തിരുശരീരരക്തങ്ങളെ കൈകൊണ്ട് സ്പർശിക്കാൻ ഈ അയോഗ്യ പാപിയുടെ കരങ്ങൾക്ക് യോഗ്യതയില്ല. അതിനാൽ ഞാൻ തിരുപ്പട്ടം സ്വീകരിക്കുന്നില്ല."
ഈശോ മിശിഹായിൽ പ്രിയ സഹോദരങ്ങളെ, ഈശോയുടെ തിരുശരീരത്തെ കൈകൊണ്ട് സ്പർശിക്കാൻ യോഗ്യതയുള്ള ആരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ടോ? എന്നിട്ടും എത്ര ലാഘവത്തോടെയാണ് ദിവ്യകാരുണ്യ ഈശോയെ നാം കൈകളിൽ സ്വീകരിക്കുന്നത്? മുട്ടുകുത്തി നാവ് നീട്ടി എത്ര ഭയഭക്തിയോടെയാണ് നമ്മുടെ പൂർവികർ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ചിരുന്നത്. ഇതെല്ലാം കാണുമ്പോൾ തന്നെ കുഞ്ഞുമക്കളിൽ പോലും ദിവ്യകാരുണ്യ ഈശോയോടുള്ള ഭയഭക്തി വർദ്ധിക്കാൻ അത് ഇടവരുത്തുമായിരുന്നു. മുട്ടുകുത്തി നാവ് നീട്ടി ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരു തലമുറ ഇനിയും ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അങ്ങനെയൊരു കാലം ഞാൻ സ്വപ്നം കാണുന്നു.
ഒരുപക്ഷേ മെത്രാന്മാരും വൈദികരും ഡീക്കന്മാരും സമർപ്പിതരും വിശ്വാസികളും ഉൾപ്പെടെ നമ്മളിൽ പലരും ശുദ്ധീകരണ സ്ഥലത്തിൽ കൂടുതൽ കാലം കിടക്കാൻ കാരണമാകുന്ന കുറ്റം ദിവ്യകാരുണ്യത്തെ ബഹുമാനമില്ലാതെ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നതായിരിക്കാം.
"എന്റെയും ലോകം മുഴുവനുമുള്ള സകല ക്രിസ്ത്യാനികളുടെയും അശ്രദ്ധയാൽ നിന്ദിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും നിലത്തുവീണ് ചവിട്ടപ്പെടുകയും ചെയ്യുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ! ആമേൻ."
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക