Videos

യേശുവിന്റെ മരണസമയത്തെ നിലവിളി | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിനാലാം ദിവസം

പ്രവാചകശബ്ദം 26-03-2024 - Tuesday

"ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?" (മർക്കോസ് 15:34).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിനാലാം ദിവസം ‍

ഓരോ നോമ്പുകാലത്തും നാം കൂടുതലായി കേൾക്കുന്ന ഒരു വചനഭാഗമാണ് അവിടുത്തെ മരണസമയത്തെ നിലവിളി. യേശുവിന്റെ മരണസമയത്ത് അവിടുന്ന് ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത് എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? (മാർക്കോസ് 15:34). ഈ വചനഭാഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ ചോദിക്കുന്ന ചോദ്യമാണ് യേശു ദൈവമാണെങ്കിൽ എന്തുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം നിലവിളിച്ചത്?

യേശുവിന്റെ ഈ നിലവിളി ഉപേക്ഷിക്കപ്പെട്ട ഒരുവന്റെ നിലവിളിയായിരുന്നില്ല. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം മുതൽ കുരിശുമരണവും ഉത്ഥാനവും വരെയുള്ള അവിടുത്തെ ഓരോ വാക്കുകളിലും പ്രവർത്തികളിലും അവിടുന്നു മനുഷ്യരാശിയെ മുഴുവൻ തന്നോട് ബന്ധിപ്പിച്ചു. അവിടുത്തെ ഈ നിലവിളിയിലും അവിടുന്ന് ചെയ്‌തത്‌ അതായിരുന്നു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, "പാപത്തിനും മരണത്തിനും അടിമപ്പെട്ട മനുഷ്യരാശി എക്കാലവും ഉയര്‍ത്തിയിട്ടുള്ള എല്ലാ നെടുവീര്‍പ്പുകളും രക്ഷാകര ചരിത്രത്തിലെ എല്ലാ യാചനകളും എല്ലാ മാധ്യസ്ഥ പ്രാര്‍ത്ഥനകളും അവതരിച്ച വചനത്തിന്റെ ഈ നിലവിളിയില്‍ സംക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇതാ പിതാവ് അവ സ്വീകരിക്കുകയും പുത്രനെ ഉയിര്‍പ്പിച്ചുക്കൊണ്ട് എല്ലാ പ്രതീക്ഷകള്‍ക്കും അതീതമായി അവയ്ക്കു പ്രത്യുത്തരം നല്കുകയും ചെയ്യുന്നു". (CCC 2606).

പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ജീവിതത്തിൽ യേശുവിന്റെ നാമത്തിൽ നാം അർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും യാചനകളും നമ്മൾ യേശുവിന്റെ ഈ നിലവിളിയോട് ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ രോഗങ്ങളിലും വേദനകളിലും തകർച്ചകളിലും ബന്ധനങ്ങളിലും ഒറ്റപ്പെടലുകളിലും ദൈവം പോലും നമ്മെ കൈവിട്ടുവോ എന്ന് കരുതുമ്പോൾ യേശു നമുക്കുവേണ്ടി മരണവേദനയോടെ പിതാവിന്റെ സന്നിധിയിൽ നിലവിളിക്കുന്നു "എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?" അതിനാൽ യേശുവിന്റെ ഈ നിലവിളി സ്വീകരിച്ച് അവിടുത്തെ ഉയിർപ്പിച്ച പിതാവായ ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകതന്നെ ചെയ്യും.


Related Articles »