News - 2025

വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്

പ്രവാചകശബ്ദം 28-03-2024 - Thursday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭീകരതയെ തുടര്‍ന്നു ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് പിതാവിനടുത്ത വാത്സല്യത്തോടെ അയച്ച കത്തില്‍ തന്റെ പ്രാർത്ഥനയും, സാമീപ്യവും ഐക്യദാര്‍ഢ്യവും പാപ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. യേശുവിന്റെ പീഡാനുഭവവും, മരണവും, ഉത്ഥാനവും ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ നിങ്ങളെ ഓരോരുത്തരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. വിശുദ്ധനാടിനു യേശുവിന്റെ ജീവിതവുമായുള്ള ബന്ധവും ഇന്ന് ആ ജനത അനുഭവിക്കുന്ന ക്രൂരതകളും പാപ്പ സന്ദേശത്തില്‍ അടിവരയിട്ടു.

ഈ പെസഹാ രഹസ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ജനതയെന്ന നിലയിലും ജീവിക്കുവാനുള്ള ഭൂമി നിഷേധിക്കപ്പെടുന്നത് ഏറെ വിഷമകരമാണ്. എന്നാൽ ആ സാഹചര്യത്തിലും വിശ്വാസികൾ നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും, പ്രത്യാശയ്ക്കും താൻ നന്ദി പറയുന്നു. ഒരു അപ്പനെന്ന നിലയിൽ മക്കളുടെ വേദനകൾ താൻ അറിയുന്നു. തന്റെ വാത്സല്യം ഒരുക്കലും കുറയുകയില്ല. കർത്താവായ യേശു നല്ല സമരിയാക്കാരനെപോലെ നിങ്ങളുടെ സമീപത്തുവരട്ടെയെന്നും, ശരീരത്തിന്റെയും ആത്മാവിന്റെയും മുറിവുകളിൽ ആശ്വാസത്തിന്റെ എണ്ണയും പ്രത്യാശയുടെ വീഞ്ഞും ഒഴിച്ചുകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

പത്തുവർഷങ്ങൾക്കു മുൻപ് വിശുദ്ധ നാട്ടിലേക്ക് താൻ നടത്തിയ തീർത്ഥാടനവും പാപ്പ സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്. സമാധാനത്തിലേക്കുള്ള നിർണ്ണായകമായ നടപടികളൊന്നും സ്വീകരിക്കാതെ, മനുഷ്യരാശിയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത് ഗുരുതരമായതും നിരന്തരവുമായ ഒരു അപകടം സൃഷ്ടിക്കുമെന്നും പാപ്പ പറഞ്ഞു. എന്നാൽ ഉത്ഥിതനായ ക്രിസ്തു, നമ്മെ ശക്തിപ്പെടുത്തും. നിങ്ങൾ ആരും തനിച്ചല്ല എല്ലാവരുടെയും സമാധാനത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പ ഉറപ്പുനല്‍കി.


Related Articles »