News - 2025

തായ്‌വാന് പ്രാര്‍ത്ഥനയും സാന്ത്വന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 05-04-2024 - Friday

വത്തിക്കാന്‍ സിറ്റി: തായ്‌വാനില്‍ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ചൈനീസ് റീജിയണൽ മെത്രാന്‍ സമിതി അധ്യക്ഷന്‍ മോൺ. ജോൺ ബാപ്റ്റിസ്റ്റ് ലീ കെഹ്-മീനിനു അയച്ച സന്ദേശത്തില്‍ തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ സാമീപ്യവും പാപ്പ ഉറപ്പുനല്‍കി.

മരിച്ചവർക്കും പരിക്കേറ്റവർക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വേണ്ടിയും അടിയന്തിര രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി സാന്ത്വനവും എല്ലാ ദൈവീക അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്‍ ഒപ്പുവെച്ചയച്ച സന്ദേശത്തിൽ പാപ്പ രേഖപ്പെടുത്തി.

അതേസമയം രാജ്യത്ത് കാൽനൂറ്റാണ്ടിനിടെയുള്ള അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. 7.2 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കുന്നുകളും മലകളും നിറഞ്ഞ ഹുവാലീൻ പ്രവിശ്യയിലെ ഹുവാലീനിനു 18 കിലോമീറ്റർ അകലെ 35 കിലോമീറ്റർ ആഴത്തിലാണ്. പ്രഭവകേന്ദ്രമായ കിഴക്കൻ തീരനഗരത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എസ്‌കവേറ്റർ ഉപയോഗിച്ച് രക്ഷാ പ്രവർത്തകർ നീക്കം ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിൽ ഒൻപത് പേരുടെ മര ണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലരും ടെൻ്റുകളിലാണ് അഭയം തേടിയിരിക്കുന്നത്.


Related Articles »