News - 2024

ഗർഭഛിദ്രം അവകാശമാക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യൻ മെത്രാൻ സമിതി

പ്രവാചകശബ്ദം 10-04-2024 - Wednesday

ലണ്ടന്‍: ഗർഭഛിദ്രം നിയമവിധേയമാക്കി അവകാശമാക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യൻ മെത്രാൻ സമിതി രംഗത്ത്. യൂറോപ്യൻ മൗലികാവകാശങ്ങളുടെ പ്രമാണരേഖയിൽ ഗർഭഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ ഏപ്രിൽ പതിനൊന്നാം തീയതി നടത്താനിരിക്കെയാണ് യൂറോപ്യൻ മെത്രാൻ സമിതി നീക്കത്തിനെതിരെ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.

ഗർഭഛിദ്രം ഒരിക്കലും മൗലികാവകാശമാകില്ല. ജീവിക്കാനുള്ളതിനാണ് അവകാശം. ഗർഭഛിദ്രം അംഗീകരിച്ചുകൊണ്ടല്ല സ്ത്രീകളുടെ ഉന്നമനവും അവരുടെ അവകാശങ്ങളും നേടിയെടുക്കേണ്ടതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചു. സ്ത്രീകൾക്ക് തങ്ങളുടെ മാതൃത്വം, സമൂഹത്തിനും വ്യക്തിപരമായും നൽകപ്പെട്ട ഒരു അമൂല്യ ദാനമെന്ന നിലയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ സാധിക്കുന്ന ഒരു യൂറോപ്പിനുവേണ്ടിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മെത്രാന്മാർ പ്രസ്താവനയിൽ പറഞ്ഞു.

വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുവാൻ യൂറോപ്യൻ യൂണിയന് ബാധ്യത ഉണ്ടെന്നും, ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രവും ആശയങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും മെത്രാന്മാർ വ്യക്തമാക്കി. സമൂഹത്തിനു ഒരു സമ്മാനം എന്ന നിലയിൽ, "ഒരു അമ്മയാകുക" എന്നത് വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിന് ഒരു തരത്തിലും തടസ്സമല്ലായെന്നും സംസ്കാരങ്ങളുടെ വൈവിധ്യം, യൂറോപ്പിലെ ജനങ്ങളുടെയും ഭരണഘടനയുടെയും പാരമ്പര്യത്തിനാണ് അധികൃതര്‍ ഊന്നൽ നൽകേണ്ടതെന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു.


Related Articles »