News
ഇസ്ലാമിക് സ്റ്റേറ്റ്സിന് വേണ്ടി ക്രൈസ്തവരെ കൊല്ലാൻ പദ്ധതിയിട്ട അമേരിക്കന്‍ സ്വദേശി പോലീസ് കസ്റ്റഡിയിൽ
പ്രവാചകശബ്ദം 10-04-2024 - Wednesday
ന്യൂയോര്‍ക്ക്: കുപ്രസിദ്ധമായ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരവാദ സംഘടനയ്ക്ക് വേണ്ടി ക്രൈസ്തവരെ കൊലപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കിയിരിന്ന അമേരിക്കയിലെ ഐഡാഹോ സ്വദേശി അലക്സാണ്ടർ സ്കോട്ട് പോലീസ് കസ്റ്റഡിയിലായി. ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസാണ് പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള ദേവാലയത്തിൽ ക്രൈസ്തവരെ വകവരുത്തി, ദേവാലയം അഗ്നിക്കിരയാക്കിയതിന് ശേഷം ഒരു കാറിൽ രക്ഷപ്പെട്ട് സമീപപ്രദേശത്തെ മറ്റു ദേവാലയങ്ങളിലും ഇങ്ങനെ ചെയ്യാമെന്നായിരുന്നു അയാൾ കണക്കു കൂട്ടിയിരുന്നതെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പിതാവിന്റെ കൈകൾ ബന്ധിക്കുകയും, മാതാവിൻറെ വായിൽടേപ്പ് വച്ച് ഒട്ടിക്കുകയും ചെയ്തശേഷം വീട്ടിലുള്ള തോക്ക് കൃത്യം നടത്താൻ വേണ്ടി സ്വന്തമാക്കാമെന്നും പ്രതി കണക്കുകൂട്ടിയിരുന്നു. പതിനേഴാമത്തെ വയസ്സിൽ, ഇസ്ലാമിക് സ്റ്റേറ്റ്സ് ഉൾപ്പെടെ വിദേശ തീവ്രവാദ സംഘടനകൾക്ക് പണം നൽകാൻ ശ്രമം നടത്തിയതോടെ സ്കോട്ട്, ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിലായിരിന്നു. ഇതിനുശേഷം തീവ്രവാദികള്‍ എന്ന രീതിയില്‍ ആൾമാറാട്ടം നടത്തിയ എഫ് ബി ഐ ഉദ്യോഗസ്ഥരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു. റമദാന് രണ്ടുദിവസം മുമ്പ് ഏപ്രിൽ എട്ടാം തീയതി പ്രസ്തുത ദേവാലയങ്ങൾ ആക്രമിക്കുമെന്ന് അലക്സാണ്ടർ ഇവരോട് പറഞ്ഞതായി ഇതു സംബന്ധിച്ച കേസ് ഷീറ്റില്‍ പറയുന്നു.
തന്റെ മാതാപിതാക്കൾ അടിയുറച്ച ക്രൈസ്തവരും യാഥാസ്ഥിതികരുമാണെന്നും, ഒരു മുസ്ലീം ആയിരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് തന്നെ അടിച്ചമർത്തുകയാണെന്നും ഇയാള്‍ അന്ന് വെളിപ്പെടുത്തി. കൂടാതെ ഇസ്ലാമിനുവേണ്ടി തനിക്ക് ഒരു രക്തസാക്ഷിയായി തീരണമെന്ന് ആഗ്രഹവും സ്കോട്ട് പ്രകടിപ്പിച്ചതായി അധികൃതർ പറയുന്നു. രാജ്യത്തിൻറെ ഭീകരവാദ പട്ടികയിലുള്ള സംഘടനയ്ക്ക് സഹായം നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അലക്സാണ്ടറിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇത് തെളിഞ്ഞാൽ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.